നിരവധി നാളുകൾ നീണ്ട് നിന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബ് പ്രവേശനത്തിന് തീരുമാനമുണ്ടായിരിക്കുകയാണ്.
സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്കാണ് താരം ചേക്കേറുന്നത്. 200 മില്യൺ യൂറോക്കാണ് പോർച്ചുഗീസ് ഇതിഹാസ താരത്തെ ക്ലബ്ബ് സൈൻ ചെയ്തത്. 2025 വരെയാണ് ക്ലബ്ബുമായുള്ള താരത്തിന്റെ കരാർ. ശേഷം വേണമെങ്കിൽ റൊണാൾഡോക്ക് പരിശീലകനായും ക്ലബ്ബിൽ തുടരാം എന്ന വ്യവസ്ഥയും കരാറിൽ ഉൾപ്പട്ടിട്ടുണ്ട്.
എന്നാലിപ്പോൾ റൊണാൾഡോയുടെ സൗദി അറേബ്യയിലേക്കുള്ള കരിയർ മാറ്റത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരമായ കെവിൻ പീറ്റേഴ്സൺ.
റൊണാൾഡോയെ ടീമിലെത്തിക്കാൻ സൗദി കാണിച്ച ശ്രമങ്ങളെ അഭിനന്ദിച്ച പീറ്റേഴ്സൺ, 2030 ലോകകപ്പ് ലക്ഷ്യം വെച്ച് സൗദി നടത്തുന്ന പ്രവർത്തനങ്ങളെ “ദീർഘ ദർശനം” എന്നാണ് വിശേഷിപ്പിച്ചത്.
“എന്തൊരു മികച്ച തീരുമാനം, റൊണാൾഡോയെ അവർ സൗദിയിലെത്തിച്ചു. സൗദി കായിക മന്ത്രി കൂടുതൽ മികച്ച താരങ്ങളെ അവരുടെ ലീഗിലെത്തിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 2030നെ ലക്ഷ്യം വെച്ചുള്ള അവരുടെ പ്രവർത്തികൾ ദീർഘ ദർശനത്തോട് കൂടിയുള്ളതാണ്.
റൊണാൾഡോയുടെ ഏഷ്യൻ അരങ്ങേറ്റം സൗദി ഫുട്ബോളിന് വലിയ വാണിജ്യ സാധ്യതകളാണ് തുറന്നു കൊടുക്കുക. 2030ലെ ലോകകപ്പ് ഗ്രീസ്, ഈജിപ്‌ത് എന്നീ രാജ്യങ്ങളുമായി സംയുക്തമായി നടത്താൻ സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്.
അതിനുള്ള നീക്കങ്ങൾക്ക് ഊർജം നൽകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ രാജ്യത്തിന്റെ അംബാസിഡറായി നിയമിക്കാനും അവർ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
അതേസമയം റൊണാൾഡോയുടെ സൗദിയിലേക്കുള്ള പ്രവേശം ഏഷ്യൻ ഫുട്ബോളിന് വലിയ ഉത്തേജനം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിലൂടെ ഇന്ത്യൻ ഫുട്ബോളിനെയും ഒട്ടേറെ നേട്ടങ്ങളാണ് കാത്തരിക്കുന്നത്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും സൗദി ഫുട്‌ബോൾ ഫെഡറേഷനും തമ്മിൽ അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു.
ഇതുപ്രകാരം അടുത്ത സന്തോഷ് ട്രോഫിയുടെ സെമിയും ഫൈനലും നടക്കുന്നത് സൗദിയിലാണ്. ഇതിനു ശേഷം ഇരുരാജ്യങ്ങളുടെയും ക്ലബ്ബുകൾ തമ്മിൽ മാച്ചുകൾ സംഘടിപ്പിക്കാനും സാധ്യത കാണുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് റൊണാൾഡൊക്കെതിരെ കളിക്കാനുള്ള അവസരം ലഭിക്കും.