ന്യൂദല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. കൊവിഡിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. ഇതിനായി അഞ്ചോ ആറോ ആഴ്ച സമയം ഇനിയും വേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഷ് വര്‍ദ്ധന്‍.
ഉച്ചയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കേന്ദ്രമന്ത്രിയുടെ ചര്‍ച്ച. കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ചില സംസ്ഥാനങ്ങള്‍ വിമുഖത കാട്ടുന്നുവെന്ന് ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 4100 കോടി രൂപ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണ്‍ നീട്ടുമോ എന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം എടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച സമഗ്ര ചിത്രം തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു ചര്‍ച്ച.
ലോക്ക് ഡൗണ്‍ തുടരുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഈ വരുന്ന ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
അതേസമയം, ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ടെങ്കിലും ഇത്തവണ നിരവധി മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവശ്യ സേവനങ്ങള്‍ ഒഴികെ അന്തര്‍സംസ്ഥാന യാത്രകള്‍ നിയന്ത്രിതമായി തുടരും. സ്‌കൂളുകളും കോളേജുകളും മതസ്ഥാപനങ്ങളും തുടര്‍ന്നും അടച്ചിടാന്‍ സാധ്യതയുണ്ട്.
നീണ്ടുനില്‍ക്കുന്ന ലോക്ഡൗണ്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള വന്‍ സാമ്പത്തിക തകര്‍ച്ച കണക്കിലെടുക്കുമ്പോള്‍, ചില മേഖലകളില്‍ പ്രത്യേക ഇളവ് അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.