| Saturday, 18th July 2020, 6:25 pm

ശിവശങ്കരന്റെ പടിയിറക്കം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍

ബച്ചു മാഹി

മുന്‍കാലങ്ങളിലെ ഇടത് മുന്നണി ഭരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് സമ്പന്നമാണ് നിലവിലെ കേരള ഭരണം. രാഷ്ട്രീയ ഇടപെടലുകളെ സമ്പൂര്‍ണ്ണമായി ‘പടിക്ക് പുറത്ത്’ നിറുത്തുക എന്നതാണ് അതില്‍ പ്രധാനം. ഭരണത്തെ ജനകീയമായി നിര്‍ത്താനുള്ള ‘രാഷ്ട്രീയ ഇടപെടല്‍’ ആണ് ഉദ്ദേശിച്ചത്; ഇളയച്ഛനോ കൊച്ചാപ്പയോ ബന്ധുജനത്തെ തിരുകുന്നതോ പ്രളയഫണ്ട് ചില ഛോട്ടാ പ്രമുഖര്‍ക്ക് അടിച്ചുമാറ്റാന്‍ സാധിക്കുന്നതോ എം.എല്‍.എ.യുടെ പീഡനം തീവ്രത കുറഞ്ഞതാകുകയോ പോലുള്ള സംഗതിയല്ല.

മുഖ്യമന്ത്രിക്ക് യോഗ്യര്‍ എന്ന് തോന്നിയ / മറ്റാരെങ്കിലും അടിച്ചേല്‍പിച്ച ഉദ്യോഗസ്ഥരും ഉപദേശകരും കളം നിറഞ്ഞു എന്നതായിരുന്നു സ്വാഭാവിക പരിണതി. ഉപദേശികളും സഹായികളുമായി ചുറ്റിലും അണിനിരന്നവര്‍ ഭരണനിര്‍വഹണം ഏറ്റെടുക്കുന്ന സ്ഥിതിയുമായി. എല്ലാറ്റിന്റെയും സര്‍വ്വാധികാരം തന്റെ കരങ്ങളില്‍ ഭദ്രമാകണം എന്ന ഫങ്ഷനിംഗ് സ്‌റ്റൈല്‍ വെച്ച് മുഖ്യമന്ത്രി കയ്യാളിയവ മാത്രമല്ല മറ്റു വകുപ്പുകളും അഥവാ കേരളഭരണവും പോളിസി മെയ്ക്കിംഗും മുഴുക്കെ ഇങ്ങനെ ചില കോക്കസിന്റെ കൈപ്പിടിയിലായി.

ഇക്കാലത്ത് പൊതുജന പ്രതികരണത്തിന്റെ പള്‍സ് ആയിത്തീര്‍ന്ന സോഷ്യല്‍ മീഡിയയില്‍ മേധാശക്തിയാകുന്ന തരത്തില്‍, ടി.പി. വധാനന്തരം രൂപീകരിച്ച പാര്‍ട്ടിയുടെ സൈബര്‍ വിംഗ് വികസിതമായത് കൊണ്ട്, മാവേലിമന്നന് ശേഷമുണ്ടായ സദൈകഭരണത്തില്‍ പോരായ്മയോ സ്ഖലിതങ്ങളോ സംഭവ്യമല്ലെന്ന് സ്ഥാപിക്കാനും ഭരണാനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.

കോവിഡ് പോസിറ്റീവ് ആയ ആളെ കൊണ്ട് പോകാന്‍ ഒരു മണിക്കൂര്‍ വണ്ടി വൈകി എന്നത് പോലുള്ള തീര്‍ത്തും അപ്രസക്തങ്ങളായ സംഗതികളുടെ പിന്നാലെ കോലാഹലം കൊള്ളുന്ന, തങ്ങള്‍ ഭയങ്കര പ്രതിപക്ഷ റോള്‍ കയ്യാളുകയാണ് എന്ന് നടിക്കുന്ന മനോരമ ഉള്‍പ്പെടെ കേരളത്തിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളും തന്നെ എംബഡഡ് ആണ്. സര്‍ക്കാറിന്റെ പോളിസികളുടെ പി.ആര്‍. ദൗത്യമാണവ നിര്‍വഹിക്കുന്നത്. അതുകൊണ്ടാണ് സാധാ ജനത്തിന് പ്രയോജനമില്ലാത്തതും എന്നാല്‍ ദ്രോഹപരവുമായ, 64,000 കോടിയുടെ ആകാശ റെയില്‍പ്പാതക്ക് നേരെ പോലും ചോദ്യങ്ങള്‍ ഉതിരാത്തത്.

സബ്ജക്റ്റ് എക്‌സ്‌പേര്‍ട്ട്‌സ് എന്ന ഭാവേന കുടിയിരുത്തപ്പെട്ടവര്‍ ഒന്നുകില്‍ സബ്ജക്റ്റ് സീറോസോ അല്ലെങ്കില്‍ ഇടത് രാഷ്ട്രീയത്തിന്റെ നേര്‍ വിപരീതദിശയില്‍ നിലയുറപ്പിച്ചവരോ ആണ്. അങ്ങനെയാണ് നവലിബറല്‍ സാമ്പത്തിക പോളിസിയുടെ അഗ്രസീവ് വക്താവായ ഗീത ഗോപിനാഥ് ധനകാര്യ ഉപദേശക ആയതും കൊടും ഗോസായി സംഘി എന്ന ഏക ‘വൈദഗ്ദ്ധ്യ’ത്തിന്‍ പുറത്ത് രമണ്‍ ശ്രീവാസ്തവ ആഭ്യന്തരവകുപ്പ് മേധാവി ആയതും ഐ.ടി.യും മറ്റനേകം പോളിസി മാറ്റേഴ്‌സും കയ്യാളുന്ന സര്‍വ്വാധികാരിയായി ശിവശങ്കരന്‍ മാറിയതും ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

ശിവശങ്കരന്റെ ക്രെഡിബിലിറ്റി നഷ്ടമായത് അനേകം ചോദ്യങ്ങള്‍ ഉതിര്‍ക്കുന്നുണ്ട്. അയാളുടെ വഴിവിട്ട ബന്ധങ്ങള്‍ പുറത്തുവരുന്ന മുറയ്ക്ക് രാഷ്ട്രീയ-ഭരണ തലങ്ങളില്‍ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തിയുമേറും. ‘പിണറായി പോങ്ങനാണെന്നും ഞാന്‍ പറയുന്നിടത്തെല്ലാം ഒപ്പിടുക എന്നത് മാത്രമാണ് അയാള്‍ക്കറിയാവുന്നതെ’ന്നും ശിവശങ്കരന്‍ കള്ളിന്‍പുറത്ത് പറഞ്ഞാലുമില്ലെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അന്ധമായി വിശ്വസിച്ച് ചാര്‍ത്തിയ ഒപ്പുകള്‍ ഏതെല്ലാം തിരിഞ്ഞുകൊത്തുമെന്ന് കാത്തിരുന്നു കാണണം. ഒന്നുകില്‍ അവ പിണറായിയുടെ പടിയിറക്കത്തിന്, അല്ലെങ്കില്‍ കേന്ദ്രത്തിലെ സംഘി ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണവിധേയനായി പരിണമിക്കുന്നതിലേക്ക് നയിക്കും.

പാര്‍ട്ടിയെ നിര്‍വീര്യമാക്കി ഭരണനിര്‍വഹണത്തിന്റെ തലങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വെളിയില്‍ നിറുത്തിയതാണ് പിണറായിക്കാലത്ത് സംഭവിച്ച ഏറ്റവും വലിയ വിപത്ത്. പാര്‍ട്ടിയെന്ന നിലക്ക് എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ജനപക്ഷത്ത് നിന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സന്നദ്ധതയുള്ള, അതിനനുസൃതമായി നയരൂപീകരണം നടത്താന്‍ പ്രാപ്തിയുള്ള അനേകര്‍ ഇന്നും സി.പി.എമ്മില്‍ വിരളമല്ല. അവരോടൊക്കെ ‘സാമൂഹിക അകലം’ പാലിക്കാനും ഉദ്യോഗസ്ഥ കോക്കസിന്റെ കൈകളില്‍ മാത്രമായി കേരളഭരണം എറിഞ്ഞുകൊടുക്കാനും പിണറായിയെ നയിച്ച ഘടകങ്ങള്‍ ഏതെന്നതിന് കാലം ഉത്തരം നല്‍കിയേക്കും.

പണ്ടൊക്കെ പാര്‍ട്ടി എന്നാല്‍, തിരുത്തല്‍ ശക്തിയായി നിലകൊണ്ട്, ഭരണത്തെ നിശിതമായ ഓഡിറ്റിന് വിധേയമാക്കി മുഖ്യന് വരെ മൂക്ക് കയറിട്ട് നിര്‍ത്തിയിരുന്ന സ്ഥാപനം ആയിരുന്നെങ്കില്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടെങ്കിലുമായി പാര്‍ട്ടി = പിണറായി എന്ന് സമവാക്യം മാറിയതാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത്. എം.വി. ജയരാജന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെടുന്നതോടെ മുഖ്യന്റെ ഓഫീസിന് മേലുള്ള പരിമിതമായ രാഷട്രീയ മേല്‍നോട്ടവും അവസാനിച്ചിരുന്നു.

ദീര്‍ഘകാല പ്രത്യാഘാതമുള്ള പോളിസി മെയ്ക്കിങ്ങില്‍ മാത്രമായി അതിന്റെ ഇംപാക്റ്റ് പരിമിതമല്ല; സാധാരണക്കാരന് നേരെ പോലീസ് അന്യായമായി അധികാരമുഷ്ടി പ്രയോഗിക്കുമ്പോള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം ഇടപെട്ട് ചോദ്യം ചെയ്യുന്ന പഴയ പതിവ് പോലും അവസാനിക്കുന്ന തരത്തിലേക്കാണ് അത് വികസിച്ചത്.

പിണറായി സ്വയം വിമര്‍ശനാത്മകമായി സമീപിക്കുക എന്ന ഏതാണ്ട് നടക്കാത്ത സ്വപ്നം മാത്രമാണ്, ഭരണവും പാര്‍ട്ടിയും അകപ്പെട്ട ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഏക പോംവഴി. വാഴ്ത്തുപാട്ടിന് മാത്രമായി ചുമതലയര്‍പ്പിക്കപ്പെട്ട സൈബര്‍ യോദ്ധാക്കള്‍ കയ്യിലുള്ള ഇരുട്ട് കൊണ്ട് എത്ര ശ്രമിച്ചാലും അടയാത്ത ഓട്ടകള്‍ ആണ് ചുറ്റിലും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബച്ചു മാഹി

We use cookies to give you the best possible experience. Learn more