| Saturday, 18th April 2020, 12:31 pm

'സ്പ്രിംഗ്‌ളര്‍ കരാര്‍ സൗജന്യമാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു, അതുകൊണ്ട് നിയമവകുപ്പിന് കാണിച്ചില്ല'; സ്പ്രിംഗളറില്‍ സംഭവിച്ചതെന്തെന്ന് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് സമ്മതിച്ച് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാര്‍ സൗജന്യമാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതിനാലാണ് ആ റിസ്‌കേറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവശങ്കറിന്റെ വാക്കുകളിലേക്ക്-

കേരളം മാര്‍ച്ച് മാസത്തില്‍ കടന്നുപോയത് വളരെ വിഷമം പിടിച്ച ഘട്ടത്തിലൂടെയാണ്. കേരളത്തില്‍ മാര്‍ച്ച് 1 മുതല്‍ 20 വരെ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരികയായിരുന്നു. മാര്‍ച്ച് 22 ഞായറാഴ്ച അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തി.

അതിന് മുന്‍പ് തന്നെ വിദേശത്ത് നിന്ന് വന്നവരെ നിരീക്ഷിക്കുന്നത് തുടര്‍ന്നുപോരുന്നുണ്ട്. ആ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ രോഗപ്രതിരോധത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുന്നത്.

ആദ്യഘട്ടത്തില്‍ വിവരശേഖരണത്തിന് ഐ.ടി മിഷന്‍ ശ്രമിച്ചിരുന്നു.

പല വിമാനത്തിലും പല തരത്തിലുള്ള അപ്ലിക്കേഷന്‍ ഫോര്‍മാറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. അത് ക്രോഡീകരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെയാകുമ്പോള്‍ വലിയ തോതിലുള്ള വിവരശേഖരണം വേണമെന്നറിയാമായിരുന്നു.

സങ്കീര്‍ണ്ണമായ വിവരശേഖരണത്തിന് സര്‍ക്കാരിന് പരിമിതിയുണ്ടായിരുന്നു. സ്പ്രിംഗ്‌ളറിലേക്കെത്തുന്നത് രോഗവ്യാപനത്തിന്റെ സമയത്താണ്. സ്പ്രിംഗ്‌ളറിന്റെ സാധ്യതകളെക്കുറിച്ച് ധാരണയുണ്ടായിരുന്നു.

2018 ലെ പ്രളയത്തിലാണ് അപ്രീതിക്ഷിതമായി വിവരശേഖരണത്തിന്റെ പ്രശ്‌നം വരുന്നത്. അതിനോടനുബന്ധിച്ച് 2019 ല്‍ ബൂസ്റ്റണിലും കാലിഫോര്‍ണിയയിലും വെച്ച് 30 ഓളം കമ്പനികളുമായി ചര്‍ച്ച നടത്തി. സ്പ്രിംഗ്‌ളറുമായും ചര്‍ച്ച നടത്തിയിരുന്നു.

രണ്ട് പ്രളയം വന്നപ്പോഴേ ഡാറ്റാ മേനേജ്‌മെന്റില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അത് പരിഹരിക്കാന്‍ കൂട്ടായ്മകളുടെ സഹായത്തോടെ ശ്രമം നടത്തിയിരുന്നു. സ്പ്രിംക്ലറിന് ഡാറ്റാ മാനേജ്‌മെന്റിലുള്ള കഴിവില്‍ സര്‍ക്കാരിന് സംശയമില്ലെന്നും എം ശിവശങ്കര്‍ പറഞ്ഞു.

സ്പ്രിംഗ്‌ളര്‍ ഒരു സാസ് കമ്പനിയാണ്. അവരുടെ സേവനം ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ല. ഡാറ്റ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന്റെ കരാര്‍ വ്യവസ്ഥകളെല്ലാം മുന്‍ നിശ്ചയപ്രകാരം ഉള്ളതാണ്. അത് സേവനം വാങ്ങുന്ന കക്ഷിക്ക് മാറ്റാന്‍ കഴിയില്ലെന്നും എം.ശിവശങ്കര്‍ പറയുന്നു.

സാസ് കമ്പനികള്‍ ലോകം മുഴുവന്‍ ഒരു മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രൊഡക്ട് ഫ്രീയാണോ, പ്രൈവസിയുണ്ടോ എന്നുള്ള കാര്യങ്ങളിലാണ് ഞാന്‍ ശ്രദ്ധിച്ചത്. അക്കാര്യത്തില്‍ എനിക്ക് സംശയമില്ലായിരുന്നു. പിന്നെ ഞാനെന്തിന് നിയമവകുപ്പിനെ കാണിക്കണം.

വിവരം കൈമാറ്റം ചെയ്യരുതെന്ന് ആദ്യദിവസം മുതലെ പറഞ്ഞുപോരുന്നതാണ്. ഇന്ത്യയിലായിരിക്കണം സര്‍വര്‍ എന്നും പറഞ്ഞിരുന്നു. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് ഇക്കാര്യത്തിലെല്ലാം തീരുമാനമെടുത്തത്.

കരാര്‍ ഒപ്പിട്ടത് ഏപ്രില്‍ 14 നാണ്. മാര്‍ച്ച് 24 ന് തന്നെ പര്‍ച്ചേസിംഗ് ഓര്‍ഡര്‍ അയച്ചുതന്നിരുന്നത്. പര്‍ച്ചേസിംഗം ഓര്‍ഡര്‍ തന്നാല്‍ തന്നെ സാസിന്റെ നിബന്ധനപ്രകരാം കരാര്‍ പ്രാവര്‍ത്തികമാണ്. വിവാദമായതിനാലാണ് ഏപ്രില്‍ 14 ന് ഒപ്പിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല. അക്കാര്യത്തില്‍ വിഷമവുമില്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ സുരക്ഷയ്ക്ക് വിലങ്ങുതടിയായിരിക്കും ഈ വിവാദമെന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാസ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ മേഖല അന്യമായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more