| Monday, 29th April 2019, 8:06 pm

വാരാണസിയില്‍ ഇനി യുദ്ധം 'ട്വിറ്റര്‍ ചൗക്കീദാറും' യഥാര്‍ത്ഥ കാവല്‍ക്കാരനും തമ്മില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ തേജ് ബഹദൂര്‍ യാദവിന് മഹാസഖ്യം പിന്തുണ പ്രഖ്യാപിച്ചതോടെ വാരാണസി ലോക്‌സഭാ മണ്ഡലത്തിലെ മത്സരം കടുക്കുകയാണ്. സ്വന്തം സ്ഥാനാര്‍ത്ഥിയായ ശാലിനി യാദവിനെ പിന്‍വലിച്ച് കൊണ്ടാണ് തേജ് ബഹാദൂറിനെ എസ്.പി പിന്തുണച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്‌ക്കെതിരെ വലിയ സഖ്യങ്ങള്‍ രൂപപ്പെടുമ്പോഴും വാരാണസിയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടല്ലെന്ന ആരോപണം നേരിടുന്നതിനിടെയാണ് മഹാസഖ്യത്തിന്റെ പുതിയ നീക്കം. അതേസമയം മുന്‍ ബി.ജെ.പിക്കാരനും കഴിഞ്ഞ തവണ മോദിയോട് മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത അജയ് റായിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

സൈനികരെ രാഷ്ട്രീയവത്കരിക്കുന്ന മോദിയ്‌ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് പ്രഖ്യാപിച്ചയാളാണ് മുന്‍ സൈനികനായ തേജ്ബഹദൂര്‍ യാദവ്. വാരാണസിയില്‍ നടക്കുന്നത് യഥാര്‍ത്ഥ ചൗക്കീദാറും വ്യാജ ചൗക്കീദാറും തമ്മിലുള്ള പോരാട്ടമാണെന്നും തന്റെ തെരഞ്ഞെടുപ്പ് മുദ്രവാക്യം തന്നെ ഇതായിരിക്കുമെന്നും തേജ് ബഹദൂര്‍ പറഞ്ഞിട്ടുണ്ട്.

ജമ്മു കശ്മീരിലെ ബി.എസ്.എഫ് ജവാന്മാരുടെ ദുരവസ്ഥ വെളിവാക്കുന്ന വീഡിയോ 2017 ജനുവരി 10നാണ് തേജ് ബഹദൂര്‍ യാദവ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. വീഡിയോയെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പോലും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു മാസത്തെ സൈനിക വിചാരണയ്ക്ക് ശേഷം അദ്ദേഹത്തെ ബി.എസ്.എഫില്‍ നിന്ന് പിരിച്ച് വിടുകയായിരുന്നു. സ്വമേധയാ വിരമിക്കാന്‍ അനുവദിക്കണമെന്ന തേജ്ബഹദൂറിന്റെ ആവശ്യം തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു നടപടി.

We use cookies to give you the best possible experience. Learn more