വാഷിംഗ്ടണ്‍: കര്‍ഷക പ്രതിഷേധത്തിനും പ്രതിഷേധത്തെ അനുകൂലിച്ചവര്‍ക്കെതിരെയും ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്. അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് മീന ഹാരിസ് ട്വിറ്ററില്‍ കുറിച്ചത്.
അമേരിക്കയില്‍ വളര്‍ന്നുവരുന്ന അതിതീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുമുള്ള ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ഹിന്ദു തീവ്രവാദത്തിനെതിരെ മീന ട്വീറ്റ് ചെയ്തത്. ‘അക്രമാസക്തമായ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായി’ എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്.
‘കഴിഞ്ഞ ആഴ്ചയില്‍ മാത്രം നടന്ന കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ പോലും ‘അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായി’ എന്ന് ഈ തലക്കെട്ട് മാറ്റിവായിക്കാം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു,’ മീന ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.
കര്‍ഷക സമരത്തിന് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് തുടങ്ങിയവര്‍ പിന്തുണയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റദ്ദ് ചെയ്തതുള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെയും അവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
As you’ve surely seen from India over the last week alone, this headline could easily read, “It’s Time to Talk About Violent Hindu Extremism.” It’s all connected. pic.twitter.com/TXsE4VCcuS
സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ അവര്‍ ട്വീറ്റ് ചെയ്തത്. ‘ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്.
ഇത് യാദൃശ്ചികമല്ല, ഇത് രണ്ടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തേയും ഇന്റര്‍നെറ്റ് നിരോധനത്തേയും അപലപിക്കേണ്ടതാണ്,” എന്നായിരുന്നു വിഷയത്തില്‍ മീന ഹാരിസിന്റെ ആദ്യ പ്രതികരണം.
തുടര്‍ന്ന് റിഹാനക്കും ഗ്രെറ്റക്കും നേരയുണ്ടായതിന് സമാനമായ രീതിയില്‍ മീന ഹാരിസിനെതിരെയും വിദ്വേഷ പ്രചാരണങ്ങളുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്നായിരുന്നു ഈ ഗ്രൂപ്പുകളുടെ പ്രതികരണം.
തന്നെ ഭീഷണിപ്പെടുത്താനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നാണ് മീന ഹാരിസ് ഇവയോട് പ്രതികരിച്ചത്.
തന്റെ ഫോട്ടോ ഉയര്‍ത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടും മീന ഹാരിസ് വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്നം മനുഷ്യാവകാശ പ്രവര്‍ത്തകരോട് താന്‍ സംസാരിച്ചു. ഇതാണ് പ്രതികരണമെന്നായിരുന്നു തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മീന ഹാരിസ് പ്രതികരിച്ചത്.
കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിന് മീന ഹാരിസിന് പിന്തുണയുമായി മാധ്യമപ്രവര്‍ത്തക റാണാ അയൂബ് ഉള്‍പ്പെടെയുളള നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു എന്നാണ് റാണാ അയൂബ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി തിരിച്ചു ഒരുപാട് സ്നേഹമെന്ന മറുപടിയും മീന ഹാരിസ് നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക