അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടേണ്ട സമയമാണിത്; തമിഴ്നാട്ടില്‍ കണ്ട മാറ്റം ദല്‍ഹിയിലും കാണണം: ഉദയനിധി സ്റ്റാലിന്‍
national news
അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടേണ്ട സമയമാണിത്; തമിഴ്നാട്ടില്‍ കണ്ട മാറ്റം ദല്‍ഹിയിലും കാണണം: ഉദയനിധി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th September 2023, 12:27 pm

ചെന്നൈ: അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടി സാമൂഹിക നീതിയില്‍ പ്രതിജ്ഞാബദ്ധരായി നില്‍ക്കേണ്ട സമയമാണിതെന്നും 2021ല്‍ തമിഴ്നാട്ടില്‍ കണ്ട അധികാരമാറ്റം 2024ല്‍ ദല്‍ഹിയിലും കാണണമെന്നും തമിഴ്‌നാട് യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിന്‍.

ഞായറാഴ്ച നെയ്‌വേലി എം.എല്‍.എ സബാ രാജേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മത്തെ കുറിച്ചുള്ള തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ബി.ജെ.പി തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണന്നും ഉദയനിധി പറഞ്ഞു.

‘സനാതന ധര്‍മത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളില്‍ ഞാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ എന്റെ പ്രസംഗം വളച്ചൊടിക്കുകയും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടി കിംവദന്തികളും വിദ്വേഷവും പ്രചരിപ്പിക്കുകയും ചെയ്തു.

അന്ധവിശ്വാസങ്ങളെ വെല്ലുവിളിക്കേണ്ടതും സാമൂഹിക നീതിയില്‍ പ്രതിജ്ഞാബദ്ധരായി നിലകൊള്ളേണ്ടതും നമുക്കാവശ്യമാണ്. 2021ല്‍ തമിഴ്നാട്ടില്‍ കണ്ട അധികാരമാറ്റം 2024ല്‍ ദല്‍ഹിയിലും കാണണം,’ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

സബാ രാജേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തിരുന്നു. രാജ്യത്തെ രക്ഷിക്കണമെങ്കില്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് സ്റ്റാലിന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹ ചടങ്ങിനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലും ഡി.എം.കെയും സഖ്യകക്ഷികളും വിജയിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

40 സീറ്റുകളിലും വന്‍ വിജയം നേടിയാല്‍ മാത്രമേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള കേന്ദ്രത്തിലെ പുതിയ ഭരണത്തില്‍ ഡി.എം.കെയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കൂ എന്നും സ്റ്റാലിന്‍ പറഞ്ഞു.

‘നാര്‍പ്പതും നമതേ, നാടും നമതേ’ (40 സീറ്റുകളും നമ്മുടേതാണ്, നാടും നമ്മുടേതാണ്) എന്ന മുദ്രാവാക്യം മുഴക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നിച്ച് ഉജ്ജ്വല വിജയത്തിനായി പരിശ്രമിക്കണം,’ സ്റ്റാലിന്‍ പറഞ്ഞു.

എം.ആര്‍.കെ പനീര്‍സെല്‍വം, സി.വി ഗണേശന്‍, കെ. പൊന്‍മുടി, എസ്.എസ് ശിവശങ്കര്‍, ജിങ്കി കെ. മസ്താന്‍, കെ.എന്‍ നെഹ്റു, ഇ.വി വേലു, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി വി.നാരായണസാമി, വി.സി.കെ പ്രസിഡന്റ് തോല്‍ തിരുമാവളവന്‍, കടലൂര്‍ എം.എല്‍.എ ജി. അയ്യപ്പന്‍ തുടങ്ങിയ മന്ത്രിമാരും സഖ്യകക്ഷി നേതാക്കളും സബാ രാജേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: It’s time to fight against superstitious , says Udayanidhi Stalin