| Thursday, 9th March 2023, 9:32 am

കളറാക്കുമോ ഇന്ത്യ? ബോര്‍ഡര്‍-ഗവാസ്‌കറിനായുള്ള അവസാന ടെസ്റ്റ് സാധ്യതകള്‍ ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഹോളി ആഘോഷം കഴിഞ്ഞ് ബോര്‍ഡര്‍-ഗവാസ്‌കറിനുള്ള അവസാന ക്രിക്കറ്റ് ടെസ്റ്റിനായി ഒരുങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ പ്രവേശിക്കും.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ പാട്ടുംപാടി ജയിച്ച ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ പ്രഹരമേറ്റിരുന്നു. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസീസാണ്
വിജയിച്ചത്. ഇന്‍ഡോറില്‍ സ്പിന്നിന് അനുകൂലമായി നിര്‍മിച്ച പിച്ചിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഓസ്‌ട്രേലിയയെ സ്പിന്‍ കെണിയില്‍ വീഴ്ത്താനാണ് പിച്ച് ഒരുക്കിയതെങ്കിലും തിരിച്ചടിയാണുണ്ടായത്. അതിനാല്‍ ഇന്നത്തെ ടെസ്റ്റില്‍ അഹമദാബാദിലെ പിച്ച് ആരെ തുണക്കുമെന്നത് കാത്തിരുന്ന് കാണുക തന്നെ വേണം.

അവസാന ടെസ്റ്റില്‍ മുഹമ്മദ് സിറാജിന് പകരക്കാരനായി മുഹമ്മദ് ഷമിയെത്തും. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ വിറപ്പിച്ച സ്റ്റീവ് സ്മിത്ത് ഓസീസിന്റെ നായകനായി തുടരും. കഴിഞ്ഞ ടെസ്റ്റില്‍ സ്മിത്തിന്റെ തന്ത്രങ്ങള്‍ ഓസീസിന് നിര്‍ണായകമായിരുന്നു.

അതേസമയം, പാറ്റ് കമ്മിന്‍സ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയിട്ടില്ല. നഥാന്‍ ല്യോണും മാത്യു കൂനേമാനുമായിരിക്കും സ്പിന്നിങ്ങില്‍ ഓസീസിന് കരുത്തേകാനെത്തുക.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തേയും അവസാനത്തേയും മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും അഹമദാബാദിലെത്തും. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി നിലവില്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിലാണ്. ചരിത്ര പ്രാധാന്യമുള്ള ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി കാണുന്നതിനായി അദ്ദേഹം തന്റെ ഷെഡ്യൂള്‍ റീ ചാര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും മത്സരത്തില്‍ ടോസ് ഇടുക എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മത്സരം കാണാന്‍ ഒരു ലക്ഷത്തോളം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. 1,32,000 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് സംഘാടകരുടെ കണക്കുപ്രകാരം കാണികളെത്തിയാല്‍ പുതിയൊരു ചരിത്രവും സൃഷ്ടിക്കപ്പെടും.

ഒരു ടെസ്റ്റ് മാച്ചിന്റെ ആദ്യ ദിവസം ഏറ്റവുമധികം കാണികളുള്ള മത്സരം എന്ന റെക്കോഡ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ നാലാം മത്സരത്തിന് ലഭിക്കും. മെല്‍ബണില്‍ വെച്ച് നടന്ന 2013/14 സീസണിലെ ആഷസ് മത്സരം നേരിട്ട് കണ്ട 91,112 ആണ് നിലവിലെ റെക്കോഡ് അറ്റന്‍ഡന്‍സ്.

നിലവില്‍ 18 ടെസ്റ്റുകളില്‍ നിന്നും 68.52 പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്താണ്. 60.29 പോയിന്റ് ശരാശരിയുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും 53.33 പോയിന്റ് ശരാശരിയുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യക്ക് ഇനി ഒരു ടെസ്റ്റ് മാത്രമാണ് ബാക്കി എന്നാല്‍ ലങ്കക്ക് രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്.

Content Highlights: It’s time for the final Test of the Border-Gavaskar Trophy

Latest Stories

We use cookies to give you the best possible experience. Learn more