സൗദി അറേബ്യയിലെ കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെട്ട സൂപ്പർ കോപ്പാ ഡെ എസ്പാന കപ്പിന്റെ ഫൈനലിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ബാഴ്സലോണ വിജയിച്ചിരുന്നു.
എൽ ക്ലാസിക്കോ മത്സരമായ ഫൈനലിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്സക്കായി ഗവി, ലെവൻഡോസ്കി, പെഡ്രി എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്. റയലിന്റെ ആശ്വാസ ഗോൾ മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധിക സമയത്ത് കരീം ബെൻസേമ നേടി.
മത്സരത്തിൽ ഇരു ടീമുകളും ഏകദേശം ഒരേ രീതിയിൽ തന്നെയുള്ള മത്സരമാണ് കാഴ്ച വെച്ചതെങ്കിലും ബാഴ്സയെപ്പോലെ കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റാൻ റയലിനായില്ല.
ഈ കിരീട നേട്ടത്തോടെ മെസിയുടെ ക്ലബ്ബ് വിടലിനും സാവിയുടെ പരിശീലക സ്ഥാനത്തേക്കുള്ള കടന്ന് വരവിനും ശേഷം ആദ്യ ടൈറ്റിൽ നേട്ടത്തിലേക്ക് ബാഴ്സയെത്തി.
ഇതോടെ നീണ്ടകാലത്തെ കിരീട വരൾച്ചയിൽ നിന്നും ബാഴ്സയെ മോചിപ്പിച്ച പരിശീലകൻ എന്ന നിലയിൽ തനിക്കെതിരെ തുടർച്ചയായി വരുന്ന വിമർശനങ്ങളെ മറികടക്കാൻ സാവിക്കാകും.
എന്നാലിപ്പോൾ മത്സരത്തിൽ തങ്ങളുടെ ചിര വൈരികളെ മികച്ച മാർജിനിൽ തോൽപ്പിച്ച ബാഴ്സലോണയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് പരിശീലകനും ബാഴ്സയുടെ മുൻ ഇതിഹാസ താരവുമായിരുന്ന സാവി.
അതിര് കടന്നുള്ള വിമർശനങ്ങളിൽ നിന്നും മോചിതരാവാൻ ബാഴ്സലോണ താരങ്ങൾക്ക് സാധിച്ചുവെന്നും ഇനി പുതിയൊരു തുടക്കത്തിലേക്ക് കടക്കുകയാണെന്നുമാണ് സാവി അഭിപ്രായപ്പെട്ടിരിക്കുന്നത്.
“അതിര് കവിഞ്ഞ നിരവധി വിമർശനങ്ങൾ ഞങ്ങളുടെ ടീമിനെതിരെ ഉയർന്ന് വന്നിരുന്നു. അതിനെയോക്കെ മറികടക്കാൻ ഇപ്പോൾ ബാഴ്സ താരങ്ങൾക്ക് സാധിക്കുന്നുണ്ട്.
ഇനി കൂടുതൽ ശാന്തതയോടെയും സമാധാനത്തോടെയും ജോലി ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും. ഞാൻ ഒരുപാട് കാലമായി ഈ ക്ലബ്ബിലുള്ള വ്യക്തിയായതിനാൽ കാര്യങ്ങൾ നന്നായി പോകാത്ത അവസരങ്ങളിൽ താരങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എനിക്ക് നന്നായി മനസിലാകും. ഈ വിജയം ഒരു പുതിയ തുടക്കത്തിലേക്ക് ക്ലബ്ബിനെ നയിക്കും,’ സാവി പറഞ്ഞു.
എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ റയൽ കോച്ച് ആൻസലോട്ടിക്ക് നേരെ വലിയ പ്രതിഷേധങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആൻസലോട്ടി രാജി വെക്കണമെന്നും പകരം ചെൽസിയുടെ പഴയ കോച്ച് തോമസ് ടുഷേലിനെ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.
Content Highlights:It’s the players who don’t afraid criticism, and the game will change; Xavi praised Barca players