ന്യൂദല്‍ഹി: യമുനാ നദിയില്‍ വിഷപ്പതയില്‍ തല മുക്കുന്ന സ്ത്രീകളുടെ വീഡിയോ ചര്‍ച്ചയാവുന്നു. രാജ്യ തലസ്ഥാനത്ത് വായു മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായി സ്ഥിതിയിലെത്തി നില്‍ക്കുമ്പോഴാണ് യമുനാ നദിയിലിറങ്ങി ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്ന സ്ത്രീകളുടെ വീഡിയോ വൈറലാവുന്നത്.
മലിനീകരണം മുന്‍നിര്‍ത്തി ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്തുകൊണ്ട് യമുനാ നദീതീരത്ത് ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനെതിരെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈയൊരു സാഹചര്യത്തിലും വിഷപ്പത പോലും നോക്കാതെ നിരവധി പേരാണ് യമുനാ നദിയില്‍ ഇറങ്ങുന്നതും കുളിക്കുന്നതും. ഇത്തരത്തില്‍ വിഷപ്പതയില്‍ തേച്ച് കുളിക്കുകയും തല കഴുകുകയും മുങ്ങിക്കുളിക്കുകയും ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വീഡിയോയാണ് വൈറലാവുന്നത്.
വിഷപ്പത കൊണ്ട് ആചാരനുഷ്ഠാനങ്ങളും ഷാംപൂവാണെന്ന് കരുതിയുള്ള തേച്ചുകുളിയും എല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.
അടിസ്ഥാനമായ വിദ്യാഭ്യാസമെങ്കിലും സാധാരണയായി എല്ലാവര്‍ക്കും നല്‍കണമെന്നും ഷാംപൂവാണെന്ന് കരുതി വിഷപ്പതയില്‍ തേച്ച് കുളിക്കുന്ന ആന്റിയെ ശ്രദ്ധിക്കൂ എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തിരക്കുന്നത്.
ചഹ്ത് പൂജയുടെ ഭാഗമായി ദല്‍ഹിയിലെ യമുനാ നദിയില്‍ കുളിക്കുന്ന സ്ത്രീകളും പുരുഷന്മാരുമാണ് വീഡിയോയില്‍ കാണുന്നത്.
ദല്‍ഹിയില്‍ മലിനീകരണം രൂക്ഷമായി വലിയ തോതില്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ തലസ്ഥാനത്ത് വിഷപ്പതയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നവരുടെ വീഡിയോ പുറത്ത് വരുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേരാണ് കമന്റുകളിലൂടെ ആശങ്കകള്‍ അറിയിച്ച് രംഗത്തെത്തുന്നത്.
Content Highlight: It’s not shampoo, it’s poison; The video of the woman bathing in poison in the Yamuna is being discussed