കരീം ബെൻസെമക്ക് പകരക്കാരനായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ ക്ലബ്ബിലെത്തിക്കാൻ വലിയ ശ്രമങ്ങളായിരുന്നു റയൽ മാഡ്രിഡ് നടത്തിയിരുന്നത്. എന്നാൽ റയലിന്റെ ശ്രമങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു കൊണ്ട് എംബാപ്പെയെ പി.എസ്.ജിയിൽ തന്നെ നിർത്താൻ ക്ലബ്ബിന് സാധിച്ചിരുന്നു.
അതിനാൽ തന്നെ എംബാപ്പെക്ക് പകരം മറ്റൊരു ഗോളടി മികവുള്ള താരത്തെ എത്രയും പെട്ടെന്ന് കണ്ടെത്തി ക്ലബ്ബിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡിപ്പോൾ.
എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇംഗ്ലീഷ് യുവതാരം മാർക്കസ് റാഷ്ഫോർഡിനെ ക്ലബ്ബിലെത്തിക്കാൻ റയൽ ശ്രമങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരുന്നുണ്ട്. എൽ ഫുട്ബോളരോയാണ് എംബാപ്പെക്ക് പകരം റാഷ്ഫോർഡിനെ റയൽ ക്ലബ്ബിലേക്കെത്തിച്ചേക്കുമെന്ന് റിപ്പോർട്ട് ചെതിരിക്കുന്നത്.
ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം പത്താം നമ്പർ താരമായ റാഷ്ഫോർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡ് 130 മില്യൺ യൂറോയെന്ന വൻ തുക വിലയിട്ടിട്ടുണ്ടെന്നും എന്നാൽ അത്രയേറെ തുക മുടക്കി താരത്തെ വാങ്ങാൻ പോലും റയൽ തയ്യാറായേക്കുമെന്നും പരാമർശിക്കുന്നുണ്ട്.
എന്നാൽ റയലിന് പിന്നാലെ പി.എസ്.ജിയും റാഷ്ഫോർഡിനെ സ്വന്തമാക്കാനായി രംഗത്തുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
പ്രീമിയർ ലീഗിൽ വമ്പൻ ഫോമിലാണ് റാഷ്ഫോർഡ് ഇപ്പോൾ മത്സരിക്കുന്നത്. 18 മത്സരങ്ങളിൽ നിന്നും യുണൈറ്റഡിനായി 18 ഗോളുകൾ സ്വന്തമാക്കിയ റാഷ്ഫോർഡ് ലോകകപ്പിന് ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കിയ താരം എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം റാഷ്ഫോർഡഡക്കമുള്ള താരങ്ങളെല്ലാം മികവോടെ കളിക്കുന്ന മാൻ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിലവിൽ 24 മത്സരങ്ങളിൽ നിന്നും 49 പോയിന്റുമായി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.