കോഴിക്കോട്: പാര്‍ലമെന്റില്‍ വെറുതെ പോയാല്‍ പോരെന്നും ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയുടെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്തി എളമരം കരീമിന്റെ രാജ്യസഭയിലെ പ്രകടനങ്ങളെ കുറിച്ച് സൂചിപ്പിക്കുമ്പോഴാണ് മുന്‍രാജ്യസഭ അംഗം കൂടിയായ എം.വി. ശ്രേയാംസ്‌കുമാറിന്റെ പ്രതികരണം.
പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ പരിശോധിച്ചോളൂ എന്നും താന്‍ ആരുടെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇടതുമുന്നണി നേതാവ് കൂടിയായ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അവിടെയാണ് കാര്യങ്ങള്‍ പറയേണ്ടത്, മുതലക്കുളത്ത് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ ജനാധിപത്യവും മതേരതരത്വവും സംരക്ഷിക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ പോരാടാന്‍ കരുത്തരായ ആളുകള്‍ പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടതുണ്ട്. അതിന്റെ അഭാവം പലപ്പോഴും നമ്മള്‍ കാണുന്നണ്ട്. അത് നികത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. കോഴിക്കോട് മാത്രമല്ല, കേരളത്തിലെ 20 സീറ്റുകളിലും ഇടതുമുന്നണി ജയിക്കേണ്ടതുണ്ട്. അതിലേക്കുള്ള മികച്ച സ്ഥാനാര്‍ത്ഥിയെയാണ് കോഴിക്കോടിന് ലഭിച്ചിട്ടുള്ളത്. കോഴിക്കോടിന് കഴിഞ്ഞ മൂന്ന് ടേമായി നഷ്ടപ്പെട്ടുപോയ പലതും തിരിച്ചുപിടിക്കാനും കൂടുതല്‍ നഷ്ടപ്പെടാതാരിക്കാനും അദ്ദേഹത്തെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.
പാര്‍ലമെന്റില്‍ വെറുതെ പോയാല്‍ പോര, ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. നിങ്ങള്‍ രേഖകള്‍ പരിശോധിച്ചോളൂ, ഞാന്‍ ആരുടെയും പേരെടുത്ത് പറയുന്നില്ല, പക്ഷെ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് നിങ്ങള്‍ പരിശോധിച്ചോളൂ. നിങ്ങള്‍ പാര്‍ലമെന്റ് റെക്കോഡ് എടുത്തുനോക്കൂ. എത്ര വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. എത്ര വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എത്ര ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്. ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പാര്‍ലമെന്റെന്ന് പറയുന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അവിടെയാണ് കാര്യങ്ങള്‍ പറയേണ്ടത്. ഇവിടെ മുതലക്കുളത്ത് മാത്രം പറഞ്ഞിട്ട് കാര്യമില്ല. പറയേണ്ട സ്ഥലത്ത് പറയണം.’ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.
മുതലക്കുളം മൈതാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി എളമരം കരീം, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, എ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
content highlights: It’s not enough to just go to Parliament, you have to work constructively: MV Shreyams Kumar