| Friday, 3rd May 2019, 12:00 pm

നിങ്ങളെക്കൊണ്ടത് സാധിക്കില്ല, 14 ആം ആദ്മി എം.എല്‍.എമാര്‍ ബി.ജെ.പിയിലെത്തുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി കെജ്‌രിവാള്‍ 

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും 14 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ അവകാശ വാദത്തിന് മറുപടിയുമായി ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കാന്‍ അത്ര എളുപ്പമല്ല എന്നായിരുന്നു കെജ്‌രിവാള്‍ പ്രതികരിച്ചത്. ” നിങ്ങള്‍ എവിടെയാണ് കുടുക്കിലായത്? എത്ര തുക നിങ്ങള്‍ കൊടുത്തു? എത്ര പണം അവര്‍ ആവശ്യപ്പെട്ടു?”- കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

മറ്റൊരു ട്വീറ്റില്‍ കെജ്‌രിവാള്‍ മോദിക്കെതരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ” മോദി ജീ, ഓരോ സംസ്ഥാനത്തും പ്രതിപക്ഷ പാര്‍ട്ടകളിലെ എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ താഴെയിറക്കാന്‍ നിങ്ങള്‍ക്ക് നന്നായിട്ടറിയാം. ഇതാണോ ജനാധിപത്യത്തെ കുറിച്ചുള്ള നിങ്ങളുടെ നിര്‍വചനം? എം.എല്‍.എമാരെ ചാക്കിലാക്കാനുള്ളത്രയും പണം എവിടെ നിന്നാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത് ? ഞങ്ങളുടെ എം.എല്‍.എമാരേയും അത്തരത്തില്‍ പണം കാണിച്ച് വശത്താക്കാന്‍ നിങ്ങള്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആം ആദ്മി നേതാക്കളെ അത്തരത്തില്‍ ലഭിക്കുക എളുപ്പമല്ല”- കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ആം ആദ്മി പാര്‍ട്ടിയിലെ 14 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചതായി കേന്ദ്രമന്ത്രി വിജയ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പി എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചതല്ലെന്നും പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് അവര്‍ സ്വമേധയാ പാര്‍ട്ടി വിടാന്‍ തയ്യാറായതാണെന്നുമായിരുന്നു വിജയ് ഗോയല്‍ പറഞ്ഞത്.

10 കോടി വീതം ഓഫര്‍ ചെയ്ത് എം.എല്‍.എമാരെ ബി.ജെ.പി വിലക്കെടുക്കുകയാണെന്ന ആരോപണവും വിജയ് ഗോയല്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി കെജ്‌രിവാള്‍ എത്തിയത്. മെയ് 12 നാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മെയ് 23 ന് വോട്ടെണ്ണും.

We use cookies to give you the best possible experience. Learn more