ഇത് വർഷം വേറെയാണ്; നീ ആ പഴയ പ്ലെയറല്ല; ഡിവില്ലേഴ്സ് തന്നെക്കുറിച്ച് പറഞ്ഞത് വെളിപ്പെടുത്തി വിരാട്
Cricket
ഇത് വർഷം വേറെയാണ്; നീ ആ പഴയ പ്ലെയറല്ല; ഡിവില്ലേഴ്സ് തന്നെക്കുറിച്ച് പറഞ്ഞത് വെളിപ്പെടുത്തി വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th February 2023, 12:42 pm

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ്‌ ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത്‌ പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.
115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ്‌ മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.
രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് വിരാടിന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

എന്നാലിപ്പോൾ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ് ചെയ്യാൻ പ്രാപ്തനാക്കിയതും തനിക്ക് ആത്മവിശ്വാസം നൽകിയതും എ.ബി. ഡിവില്ലേഴ്സാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിരാട്.

2014ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ദയനീയ പ്രകടനം കാഴ്ച വെച്ചതോടെ വിരാടിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. താരം ടെസ്റ്റ് ഫോർമാറ്റിൽ കളിക്കാൻ യോഗ്യനല്ല എന്നുള്ള തരത്തിലായിരുന്നു വിമർശനങ്ങൾ.
ഇതിനെത്തുടർന്ന് ഇംഗ്ലണ്ടിൽ കളിക്കാൻ ഭയന്ന തന്നെ 2018 പരമ്പരക്കിടയിൽ ആത്മവിശ്വാസം നൽകി തിരികേ കൊണ്ട് വന്നത് ഡിവില്ലേഴ്സാണെന്നാണ് വിരാട് വെളിപ്പെടുത്തിയത്.

“എനിക്ക് ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കാൻ സാധിക്കില്ലെന്ന് ഞാൻ ഡിവില്ലേഴ്സിനോട് പറഞ്ഞിരുന്നു.അപ്പോൾ 2014ൽ നിന്നും താൻ ഒരുപാട് മാറിയതായി അദ്ദേഹം വെളിപ്പെടുത്തി.ഞാനും അങ്ങനെയാണെന്ന് ഡിവില്ലേഴ്സ് പറഞ്ഞു. അപ്പോഴാണ് എനിക്ക് ആശ്വാസമായത്,’ വിരാട് പറഞ്ഞു.

ആർ.സി.ബി പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് വിരാട് ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേസമയം ഓസീസിനെതിരെയുള്ള മൂന്നാം ടെസ്റ്റ് മാർച്ച് ഒന്നിന് ആരംഭിക്കും. പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് ഇനി ഒരു സമനില കൂടിയേ ആവശ്യമുള്ളൂ.

ഇൻഡോർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വെച്ചാണ് പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങൾ. സീരീസ് സ്വന്തമാക്കിയാൽ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കും.

Content Highlights:It’s not 2014, and you’re not the same player AB de Villiers motivates virat kohli