| Tuesday, 8th February 2022, 8:09 pm

ടീം MY vs ടീം MY; ഉത്തര്‍പ്രദേശില്‍ അടവുമാറ്റി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നരേറ്റീവുമായി ബി.ജെ.പി. MYയും MYയും തമ്മിലുള്ള മത്സരമായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഉയര്‍ത്തിക്കാട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന മുസ്‌ലിം-യാദവ വിഭാഗവും മോദി-യോഗി ദ്വയവും (Muslim-Yadav vs Modi-Yogi) തമ്മിലാണ് ഇത്തവണത്തെ മത്സരം എന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.

മുലായം സിംഗ് യാദവിന്റെ കാലം മുതല്‍ യാദവ വിഭാഗവും മുസ്‌ലിം വിഭാഗവുമാണ് തെരഞ്ഞെടുപ്പില്‍ എസ്.പിയുടെ ശക്തി. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്‌ലിം വിഭാഗവും 10 ശതമാനം വരുന്ന യാദവവിഭാഗവും ഏതൊരു തെരഞ്ഞെടുപ്പിന്റെയും വിധിയെ സ്വാധീനിക്കാന്‍ പോന്നതാണ്.

അതേസമയം, മുസ്‌ലിം-യാദവ വിഭാഗങ്ങള്‍ക്കൊപ്പം തന്നെ മറ്റ് പിന്നാക്ക വിഭാഗങ്ങളെയും കൂടെ നിര്‍ത്തിയാണ് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തന്റെയും പാര്‍ട്ടിയുടെയും സ്വാധീനശേഷി വര്‍ധിപ്പിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇക്കൂട്ടരെയും എസ്.പി പരിഗണിക്കുന്നുമുണ്ട്.

ഒറ്റയ്ക്കല്ല സമാജ്‌വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അമ്മാവന്‍ ശിവപാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി (ലോഹ്യ), ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) എന്നിവരുടെയും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് മത്സരരംഗത്തിറങ്ങുന്നത്.

എന്നാല്‍ അഖിലേഷിന്റെ ഈ നീക്കങ്ങളെ മോദി-യോഗി ഫാക്ടര്‍ ഉപയോഗിച്ച് മറികടക്കാന്‍ സാധിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നുകളില്‍ ‘മോദി രാജ്യത്തിന് വേണ്ടി പ്രയത്‌നിച്ചതുപോലെയാണ് യോഗി ഉത്തര്‍പ്രദേശിന് വേണ്ടി നിലകൊണ്ടത്’ എന്ന നരേറ്റീവുകളാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതിനാല്‍ സംസ്ഥാനത്തുള്ള ഭരണവിരുദ്ധവികാരത്തെ കവച്ചുവെക്കാന്‍ സാധിക്കുമെന്നും ബി.ജെ.പി കരുതുന്നു.

മോദി-യോഗി എന്ന മുദ്രാവാക്യം ജനങ്ങള്‍ക്കിയില്‍ അലയടിക്കുന്നുണ്ടെന്നും ഇത് തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമെന്നും അമേഠിയിലെ ബി.ജെ.പി നേതാവായ രാജേഷ് അഗ്രാഹി പി.ടി.ഐയോട് പറഞ്ഞു.

ഇതേ അഭിപ്രായമാണ് സുല്‍ത്താന്‍പൂരിലെ നേതാവായ ആര്‍.എ. വര്‍മയും പറയുന്നത്. സുല്‍ത്താന്‍പൂരിലെ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരായ ഭരണവിരുദ്ധ വികാരം മോദി-യോഗി ഫാക്ടറില്‍ ഇല്ലാതായെന്നും വര്‍മ പറയന്നു.

ബി.ജെ.പി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. ലോക് കല്യാണ്‍ സങ്കല്‍പ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ഷന്‍ മാനിഫെസ്റ്റോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകാശനം ചെയ്തത്.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിരവധി സൗജന്യ സേവനങ്ങള്‍ വാഗ്ദാനമടങ്ങിയതാണ് ബി.ജെ.പിയുടെ പ്രകടനപത്രിക. കര്‍ഷകര്‍ക്ക് ജലസേചനത്തിനായി സൗജന്യ വൈദ്യുതി മുതല്‍ ഹോളിക്കും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടര്‍ വരെ നീളുന്നതാണ് മാനിഫെസ്റ്റോയിലെ സൗജന്യ വാഗ്ദാനങ്ങള്‍.

60 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ടൂവീലര്‍ വാഹനം, കുടുംബത്തിലെ ഒരംഗത്തിനെങ്കിലും ജോലി തുടങ്ങി ‘സൗജന്യങ്ങളുടെ’ പട്ടിക നീളുകയാണ്.

ലവ് ജിഹാദിനെതിരെയുള്ള കര്‍ശന നിയമ നിര്‍മാണമാണ് പ്രകടനപത്രികയിലെ പ്രധാന ഹൈലൈറ്റ്. മുസ്ലിം യുവാക്കള്‍ ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തമാണ് ലവ് ജിഹാദ്. ഇത്തരത്തില്‍ ലവ് ജിഹാദിന് ശ്രമിക്കുന്ന മുസ്ലിം യുവാവിന് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രകടനപത്രിക ഉറപ്പു നല്‍കുന്നു.

സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുമെന്നും പത്ത് ലക്ഷം കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് കൊണ്ടു വരുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ബി.ജെ.പി പറയുന്നു. ഇതുകൂടാതെ വിധവാ പെന്‍ഷന്‍ 1,500 രൂപയായി ഉയര്‍ത്തുമെന്നും അവര്‍ വാഗ്ദാനം നല്‍കുന്നു.

ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, മാര്‍ച്ച് ഏഴ് ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നാണ് അഖിലേഷ് യാദവിന്റെ മണ്ഡലമായ കര്‍ഹാലിലും ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനാണ് യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നത്

മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

Content Highlight: It’s ‘MY’ vs ‘MY’ in Uttar Pradesh Assembly polls: Modi-Yogi vs Muslim-Yadav

We use cookies to give you the best possible experience. Learn more