ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ തകർപ്പൻ ജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. സൗത്ത് കൊറിയയെ 4-1ന് തകർത്ത് ക്വാർട്ടറിൽ ഇടം പിടിച്ചിരിക്കുകയാണ് നെയ്മറും സംഘവും.
പ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും ചാരമാക്കികൊണ്ടുള്ള മത്സരഫലങ്ങൾക്കാണ് ഇത്തവണത്തെ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്. ഏറ്റവും കൂടുതൽ അട്ടിമറി ജയങ്ങൾ നടന്ന ലോകകപ്പ് എന്ന പേരിൽ കൂടിയായിരിക്കും ഖത്തർ ലോകകപ്പിനെ ചരിത്രം അടയാളപ്പെടുത്തുക.
എന്നാൽ മുൻ ലോകകപ്പുകളിലെ കണക്കുകൾ വെച്ച് ബ്രസീലിന് അനുകൂലമാകുന്ന സാഹചര്യമാണ് ഖത്തറിൽ തെളിഞ്ഞുവരുന്നത്. ദക്ഷിണ കൊറിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ 2002ലെ മാച്ചിനോട് ഏറെ സാദൃശ്യം തോന്നുന്ന മുഹൂർത്തങ്ങളാണ് അരങ്ങേറിയതെന്നാണ് വിലയിരുത്തൽ.
2002ൽ ബ്രസീൽ ലോകകപ്പ് നേടിയപ്പോൾ ആതിഥേയത്വം ഏഷ്യ്ക്കായിരുന്നു. അന്നും ബ്രസീൽ ഒരു ഏഷ്യൻ ടീമിനെ നാല് ഗോളിന് തോൽപ്പിച്ചിരുന്നു. ചൈനയെയാണ് അന്ന് കാനറിപ്പടകൾ നിലംപരിശാക്കിയത്. അന്നുനടന്നത് തന്നെയാണ് കൊറിയക്കെതിരെ നടന്ന മത്സരത്തിലും ബ്രസീൽ ആവർത്തിച്ചത്.
2002 ലോകകപ്പിൽ ചൈനക്കെതിരെയും നാല് വ്യത്യസ്ത താരങ്ങളാണ് ബ്രസീലിനായി സ്‌കോർ ചെയ്തത്. റൊണാൾഡോ, റൊണാൾഡീഞ്ഞോ, റോബർട്ടോ കാർലോസ്, റിവാൾഡോ എന്നിവരാണ് അന്ന് വലകുലുക്കിയത്.
2002ൽ ജർമനിയെ തോൽപ്പിച്ച് കിരീടം ചൂടിയാണ് ബ്രസീൽ ജൈത്രയാത്ര അവസാനിപ്പിച്ചത്. രണ്ട് ലോകകപ്പുകൾക്കും വേദിയായത് ഏഷ്യയാണെന്നതും വലിയ പ്രത്യേകതയാണ്.
ആ ലോകകപ്പിലും ജപ്പാനും ദക്ഷിണ കൊറിയയും പ്രീക്വാർട്ടർ കളിച്ചിരുന്നു. ഈ രണ്ട് ടീമുകളും ഒരുമിച്ച് അവസാന പതിനാറിൽ ഒന്നിച്ചെത്തിയ വേറൊരു ലോകകപ്പുമില്ലെന്നതും കൗതുകകരമാണ്.
20 വർഷത്തിന് ശേഷം ലോകകപ്പ് ഏഷ്യയിലെത്തിയപ്പോൾ ബ്രസീൽ തന്നെ കിരീടം ചൂടുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ആരാധകർ.
അതേസമയം ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിലാണ് ടീം ബ്രസീൽ എതിരില്ലാത്ത നാല് ഗോളുകൾ നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോൾ നേടിയത്. ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.
Content Highlights: It’s just like 2002 all over again, Can Brazil bring home the World Cup for a sixth time, says report