| Wednesday, 16th February 2022, 7:38 pm

ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ്, ട്രയാംഗിള്‍ ചുഴിയില്‍ പെട്ടുപോകുമെന്ന് കരുതിയെങ്കില്‍ അത് വെറും തോന്നല്‍ മാത്രം; ഭൂതകാലം കണ്ട് ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ പിടിച്ചുപറ്റി മുന്നേറുകയാണ് രാഹുല്‍ സദാശിവം സംവിധാനം ചെയ്ത ഭൂതകാലം. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നും അടുത്തിടെയിറങ്ങിയതില്‍ മികച്ച സിനിമകളിലൊന്നുമാണ് ഭൂതകാലമെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ജെയിംസ് ഏലിയ, രേവതി, സൈജു കുറുപ്പ്, ഷെയ്ന്‍ നിഗം, ആതിര പട്ടേല്‍ എന്നിവര്‍ പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രം കഥയും കഥാപാത്രങ്ങളും മേക്കിങ്ങും പെര്‍ഫോമന്‍സുകളും കൊണ്ട് ഏറെ മികവ് പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രം തനിക്ക് അനുഭവപ്പെട്ടതെങ്ങനെയാണെന്ന് പങ്കുവെക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

ഭൂതകാലം നമ്മളോരോരുത്തരുടെയും തനിയാവര്‍ത്തനമാണെന്നും അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലുംപെടാത്ത ഒരു നല്ല ചലച്ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭദ്രന്റെ പ്രതികരണം.

ഷെയ്ന്‍ നിഗത്തിന് എതിരായി ഷെയ്ന്‍ മാത്രമേയുള്ളൂവെന്നും രേവതിയുടെ കരിയറിലെ ആശയെ തിളക്കം കെടാതെ സൂക്ഷിച്ചുവെന്നും ഭദ്രന്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

‘മാനസികവിഭ്രാന്തിയില്‍ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നില്‍ക്കുന്ന മകനെ കാണുമ്പോള്‍ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘര്‍ഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീര്‍ണമാക്കി.

മുത്തശ്ശിയുടെ മരണം മകന്റെ മനസ്സില്‍ വിഹ്വല ചിത്രങ്ങളായി രൂപപ്പെടാന്‍ തുടങ്ങി. ദുര്‍മരണങ്ങള്‍ സംഭവിച്ചിട്ടുള്ള ഒരു വീട്ടില്‍ ദുര്‍ബലമനസുകള്‍ വന്ന് ചേക്കേറുമ്പോള്‍ അവിടെ അവര്‍ കാണുന്ന കാഴ്ചകളില്‍ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ച വട്ടത്തില്‍ നിന്നും ഒരു ഫ്രെയിം പോലും അടര്‍ത്തി മാറ്റാന്‍ പറ്റാത്ത വിധം കോര്‍ത്ത് കോര്‍ത്ത് ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുല്‍ സൂക്ഷ്മതയോടെ കൊണ്ടുനടന്നു. അഭിനന്ദനങ്ങള്‍,’ ഭദ്രന്‍ ഫേസ്ബുക്കില്‍ എഴുതി.

ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രമെന്നും ഭദ്രന്‍ കുറിച്ചു.

‘ഭൂതകാലത്തിലെ ഷെയ്‌നിന്റെ വിനു കൊടിമരം പോലെ ഉയര്‍ന്നുനിന്നു, ഇളക്കം തട്ടാതെ. ഞാന്‍ സ്റ്റേറ്റ് അവാര്‍ഡില്‍ കണ്ട വെയിലിലെ ഇതുപോലെ പ്രകാശിപ്പിക്കാന്‍ കഴിയാതെ പോയ ഒരമ്മയുടെ സ്‌നേഹത്തിന്റെ മുന്‍പില്‍ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അന്നും എന്റെ കണ്ണുകള്‍ ചുവന്നിരുന്നു. ഇന്നും, ഈ സിനിമ കണ്ടപ്പോഴും,’ ഭദ്രന്‍ പറഞ്ഞു.

CONTENT HIGHLIGHTS: It’s just a feeling that Shane Nigam fell into the flood and thought he was going to fall into the Triangle Vortex; Bharathan

We use cookies to give you the best possible experience. Learn more