ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ബി.ആര്‍.എസ് നേതാവ് കവിത. ശനിയാഴ്ച ദല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പാണ് കവിതയുടെ പ്രതികരണം.
വെള്ളിയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് കവിത മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും കവിത പ്രതികരിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് കവിതയെ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ അവരുടെ വസതിയില്‍ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. ഇ.ഡിയും ഐ.ടിയും സംയുക്തമായി നടത്തിയ റെയ്ഡിന് പിന്നാലെ ആയിരുന്നു അറസ്റ്റ്.
മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ കവിതക്ക് മുമ്പ് സമന്‍സ് അയച്ചിരുന്നു. മാര്‍ച്ചില്‍ മാത്രമായി കവിതക്ക് ഇ.ഡി അയച്ചത് രണ്ട് സമന്‍സുകളാണ്.
എന്നാല്‍ സമന്‍സുകള്‍ക്ക് മറുപടി നല്‍കാനോ കേസില്‍ ഹാജരാകാനോ കവിത തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഉണ്ടായ റെയ്ഡിലാണ് കവിതയെ കസ്റ്റഡിയിലെടുത്തത്. ഇ.ഡിക്ക് പുറമേ കവിതയുടെ വസതിയില്‍ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു.
ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് കവിത. ഇവരെ കൂടാതെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
മദ്യ വ്യാപാരികളുടെ സൗത്ത് ഗ്രൂപ്പ്’ ലോബിയുമായി കവിതക്ക് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി സമന്‍സ് അയച്ച് 45 ദിവസങ്ങള്‍ക്ക് ശേഷമാണ് കവിതയെ കസ്റ്റഡിയില്‍ എടുത്തത്.
Content Highlight: ‘It’s illegal’: K Kavitha’s first reaction after being arrested by ED in Delhi excise policy case