ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായ രീതിയിൽ കൊടിയിറങ്ങുമ്പോൾ കിരീട ജേതാക്കളായിരിക്കുകയാണ് അർജന്റൈൻ ടീം.
അർജന്റീനയുടെ ഇതിഹാസ താരം സാക്ഷാൽ ഡീഗോ മറഡോണയുടെ നേതൃത്വത്തിൽ ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്റൈൻ ടീം മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്.
കിരീടനേട്ടത്തോടെ ആഘോഷ തിമിർപ്പിലാണ് അർജന്റൈൻ ഫുട്ബോൾ ടീമും ആരാധകരും. ലോകകപ്പിന് ശേഷം ലോകകപ്പ് ട്രോഫിയുമായുള്ള മെസിയുടെ പല പോസിലുള്ള ഫോട്ടോകൾക്ക് വലിയ ജനപ്രീതി സാമൂഹ്യ മാധ്യമങ്ങളിലടക്കം ലഭിച്ചിരുന്നു. കൂടാതെ ലോകകപ്പ് കിരീടവുമായി നാട്ടിലെത്തിയ അർജന്റൈൻ ടീമിന് വലിയ വരവേൽപ്പാണ് തലസ്ഥാനമായ ബ്യൂനസ് ഐറിസിൽ ലഭിച്ചത്.
അതേസമയം ലോകകപ്പ് ആഘോഷങ്ങൾ അവസാനിപ്പിച്ച് പെട്ടെന്ന് ക്ലബ്ബിനൊപ്പം ചേരണമെന്ന് അർജന്റൈൻ പ്രതിരോധ നിര താരം ലിസാൻഡ്രോ മാർട്ടീനസിനോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്.
‘ലിസാൻഡ്രോ ബ്യൂനസ് ഐറിസിൽ ആഘോഷത്തിലാണെന്ന് എനിക്കറിയാം. എനിക്കത് മനസ്സിലാകും. കാരണം ഒരു ലോക കിരീടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് അദ്ദേഹം ഉള്ളത്.പക്ഷെ പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നു എന്ന കാര്യം അദ്ദേഹം മറക്കാൻ പാടില്ല. അത് അദ്ദേഹം അംഗീകരിക്കണം.വളരെ പ്രധാനപ്പെട്ട കാര്യമാണത്,’ ടെൻ ഹാഗ് പറഞ്ഞു.
കൂടാതെ യുണൈറ്റഡിന്റെ ഫ്രഞ്ച് താരമായ റാഫേൽ വരാനെയോടും ഉടൻ ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ടതായി ടെൻ ഹാഗ് പറഞ്ഞു.
യുണൈറ്റഡിനായി മികച്ച പ്രകടനമാണ് ലിസാൻഡ്രോ മാർട്ടീനസ് പ്രീമിയർ ലീഗിൽ കാഴ്ച വെക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരം ഒഴിച്ച് നിർത്തിയാൽ പ്രതിരോധത്തിൽ സമ്പൂർണ ആധിപത്യമാണ് യുണൈറ്റഡിനായി മാർട്ടീനസ് കാഴ്ചവെച്ചത്.
മാർട്ടീനസിനെകൂടാതെ വിങ്ങർ അലജാന്ദ്രോ ഗർണാച്ചോ ആണ് യുണൈറ്റഡിന്റെ മറ്റൊരു അർജന്റൈൻ താരം. ഈ സീസണിൽ ടീമിലെത്തിയ രണ്ട് താരങ്ങളും മാൻയുണൈറ്റഡിനായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
അതേസമയം ഡിസംബർ 28ന് കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ ലഭിച്ച നോട്ടിങ്ങാം ഫോറസ്റ്റിനെതിരെയാണ് യുണൈറ്റഡിന്റെ പ്രീമിയർ ലീഗിലെ അടുത്ത മത്സരം.
പോയിന്റ് ടേബിളിൽ മാൻയുണൈറ്റഡ് അഞ്ചാമതും നോട്ടിങ്ങാം ഫോറസ്റ്റ് പതിനെട്ടാം സ്ഥാനക്കാരുമാണ്.
Content Highlights: It’s enough to celebrate and get to the club as soon as possible; Coach said to the Argentine player