ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പി നടത്തിയത് അഴിമതി ആണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പി നടത്തിയത് അഴിമതി ആണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
‘സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇലക്ടറല്‍ ബോണ്ടില്‍ സ്വതന്ത്ര അന്വേഷണം നടത്തണം. അന്വേഷണ ഏജന്‍സികള്‍ ചില കമ്പനികളെ മാത്രം നോട്ടമിട്ട് അവര്‍ക്ക് മേല്‍ വലിയ സമ്മര്‍ദം ചെലുത്തി. പിന്നീട് ഈ കമ്പനികള്‍ സമ്മര്‍ദത്തിന് വഴങ്ങി ബി.ജെ.പിക്ക് പണം നല്‍കി. ശേഷം കമ്പനിക്ക് മേലുള്ള അന്വേഷണങ്ങള്‍ അവസാനിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്,’ ജയറാം രമേശ് പറഞ്ഞു.
ഇത്തരത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടില്‍ നടന്നതെന്ന് ജയറാം രമേശ് ആരോപിച്ചു. 2017 മുതലാണ് രാജ്യത്ത് ഇലക്ടറല്‍ ബോണ്ട് സംവിധാനം നിലവില്‍ വന്നത്. 8000 കോടിയിലധികമാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പിക്ക് ലഭിച്ചത്.
അതില്‍ 1,853 കോടി രൂപയോളം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നേടിയതാണെന്നാണെന്നും അദ്ദേഹം ആരോപിച്ചു. ‘കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ട് വഴി പണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ആരെയും ഭീഷണിപ്പെടുത്തി വാങ്ങിയതല്ല. അതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറാന്‍ കോണ്‍ഗ്രസ് തയ്യാറാണ്,’ ജയറാം രമേശ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇലക്ടറല്‍ ബോണ്ട് അഴിമതിയുടെ സൂത്രധാരനെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നും ജയറാം രമേശ് ആരോപിച്ചു.
കേന്ദ്രത്തിനെതിരെ ആരോപണമവുമായി ശനിയാഴ്ച ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ ലഭിച്ചത് ബി.ജെ.പിക്കാണെന്ന് എ.എ.പി ആരോപിച്ചു. കേസിലെ മാപ്പ് സാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ട് വഴി 34 കോടി രൂപ ബി.ജെ.പിക്ക് നല്‍കിയെന്നും എ.എ.പി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിക്ക് പണം ലഭിച്ചതിന്റെ രേഖകളും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിട്ടിരുന്നു.
Content Highlight: It’s biggest scam of independent India: Jairam Ramesh on electoral bonds scheme