'അത് ഒരൽപ്പം വിചിത്രമായിരുന്നു'; ബാഴ്സലോണയുടെ തന്ത്രങ്ങളിൽ കിളിപോയി റയൽ മാഡ്രിഡ്‌ കോച്ച്
football news
'അത് ഒരൽപ്പം വിചിത്രമായിരുന്നു'; ബാഴ്സലോണയുടെ തന്ത്രങ്ങളിൽ കിളിപോയി റയൽ മാഡ്രിഡ്‌ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd March 2023, 7:01 pm

കോപ്പാ ഡെൽ റേയിലെ ആവേശകരമായ ആദ്യപാദ സെമി ഫൈനൽ മത്സരത്തിൽ റയലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ബാഴ്സലോണ ലീഡ് നേടിയിട്ടുണ്ട്.
രണ്ടാം പാദ സെമിയിൽ ബാഴ്സയെ രണ്ട് ഗോളിനെങ്കിലും തകർത്താൽ മാത്രമേ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക് കോപ്പാ ഡെൽ റേ ഫൈനലിലേക്കെത്താൻ സാധിക്കൂ.

റയൽ മാഡ്രിഡ് താരമായ എഡർ മിലിറ്റാവോയുടെ സെൽഫ് ഗോളിലാണ് ബാഴ്സലോണ ആദ്യ പാദ മത്സരത്തിൽ റയലിനെ തകർത്ത് വിട്ടത്. മത്സരത്തിൽ അറുപത്തിയഞ്ച് ശതമാനം സമയം പന്ത് കൈവശം വെച്ച് കളിച്ചിട്ടും ബാഴ്സയുടെ ഗോൾ പോസ്റ്റിലേക്ക് ഒരു ഓൺ ഗോൾ ടാർഗറ്റ് ഷോട്ടുപോലുമെടുക്കാൻ റയലിനായില്ല.

ഇതോടെ സ്വന്തം മൈതാനത്ത് നടന്ന അഭിമാന പോരാട്ടത്തിൽ തല താഴ്ത്തി മടങ്ങാനായിരുന്നു റയലിന്റെ വിധി.
എന്നാലിപ്പോൾ മത്സരത്തിൽ ഏറ്റ തിരിച്ചടിക്ക് ശേഷം തങ്ങളുടെ പരാജയങ്ങളുടെ കാരണത്തെപറ്റി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരിക്കുകയാണ് റയൽ പരിശീലകൻ കാർലോ ആൻസലോട്ടി.

ബാഴ്സയുടെ തന്ത്രങ്ങൾ തനിക്ക് ശരിയായി പിടികിട്ടിയില്ലെന്നും, അവ കുറച്ച് വിചിത്രമായിരുന്നെന്നും പറഞ്ഞ ആൻസലോട്ടി, ബാഴ്സക്കെതിരെയുള്ള മത്സരം റയൽ ഈ സീസണിൽ കളിച്ച മികച്ച മത്സരങ്ങളിലൊന്നാണെന്നും കൂട്ടിച്ചേർത്തു.

“ബാഴ്സയുടെ കളി കുറച്ച് വിചിത്രമായാണ് എനിക്ക് തോന്നിയത്. പക്ഷെ അവർക്ക് ലക്ഷ്യബോധവും പ്രതിബദ്ധതയുമുണ്ടായിരുന്നു. മികച്ച ക്രോസുകൾ സൃഷ്ടിച്ച് മികവോടെ കളിക്കാൻ ബാഴ്സക്കായി. അവരുടെ തന്ത്രങ്ങളും കുഴപ്പിക്കുന്നതായിരുന്നു,’ ആൻസലോട്ടി പറഞ്ഞു.

“അവരോടുള്ള ഞങ്ങളുടെ കളി മോശമാണെന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. ഈ സീസണിലെ ഞങ്ങളുടെ പ്രതിരോധ നിര ഏറ്റവും മികവോടെ കളിച്ച മത്സരമായിരുന്നു ബാഴ്സക്കെതിരെയുള്ളത്,’ ആൻസലോട്ടി കൂട്ടിച്ചേർത്തു.

തുടർച്ചയായ രണ്ടാം എൽ ക്ലാസിക്കോയിലാണ് റയൽ ബാഴ്സക്കെതിരെ പരാജയപ്പെടുന്നത്.


അതേസമയം ലാ ലിഗയിൽ 23 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 59 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സ.


23 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളോടെ 52 പോയിന്റുമായി റയൽ ലീഗിൽ മൂന്നാമതാണ്.

ഏപ്രിൽ ആറിന് ഇന്ത്യൻ സമയം പുലർച്ചെ 1:30നാണ് കോപ്പാ ഡെൽ റേയിലെ റയലും ബാഴ്സയും തമ്മിലുള്ള രണ്ടാംപാദ സെമി മത്സരം.

 

Content Highlights:  It’s been a bit strange Carlo Ancelotti talks about match against barcelona