ടി-20 ലോകകപ്പിലെ മത്സര ശേഷം ശേഷം, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്.
ന്യൂസിലാന്റിനോട് 8 വിക്കറ്റുകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ‘വീ ആര്‍ നോട്ട് ബ്രേവ് ഇനഫ്,’ (ഞങ്ങള്‍ക്ക് വേണ്ടത്ര ധൈര്യമില്ല) എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. താരത്തിന്റെ ഈ പരാമര്‍ശത്തിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി കപില്‍ എത്തിയത്.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും, കഴിഞ്ഞ മത്സരത്തില്‍ കിവികളോട് 8 വിക്കറ്റിനുമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ടീം സ്ഥിരമായി കളിക്കുന്ന രീതിയിലല്ല ഇപ്പോള്‍ കളിക്കുന്നതെന്നും, തങ്ങളുടെ വീര്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നുമുള്ള പരാമര്‍ശമാണ് കപിലിനെ ചൊടിപ്പിച്ചത്.
‘വിരാടിനെ പോലുള്ള ഒരു കളിക്കാരന് എങ്ങനെയാണ് ഇത്രയും ദുര്‍ബലമായ പ്രസ്താവന നടത്താന്‍ കഴിയുന്നത്. അത്തരത്തിലുള്ള ചിന്തയാണ് ടീമിന് ഉള്ളതെങ്കില്‍, ക്യാപ്റ്റനും അപ്രകാരമാണ് ചിന്തിക്കുന്നതെങ്കില്‍ എങ്ങനെയാണ് തോല്‍വിയില്‍ നിന്നും ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരിക? കോഹ്‌ലിയുടെ വാക്കുകള്‍ എനിക്ക് വിചിത്രമായാണ് തോന്നുന്നത്. ശരിക്കും അവന്‍ അത്തരത്തിലുള്ള ഒരു കളിക്കാരനല്ല,’ എ.പി.ബി ന്യൂസിനോട് കപില്‍ പറഞ്ഞു.
കോഹ്‌ലി ഒരു പോരാളിയാണ്. ഏതോ ഒരു നിമിഷത്തില്‍ അവനത് അറിയാതെ പറഞ്ഞു പോയതാവാം. പക്ഷേ, ഞങ്ങള്‍ക്ക് ധൈര്യമില്ല എന്നൊന്നും ഒരു ക്യാപ്റ്റന്‍ ഒരിക്കലും പറയാന്‍ പാടില്ല. നീ നിന്റെ രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. നിന്റെ പാഷനും അത് തന്നെയാണ്. പക്ഷേ ഇത്തരത്തിലുള്ള വാക്കുകള്‍ പറയുമ്പോള്‍ എല്ലാവരും നിന്റെ നേരെ വിരല്‍ ചൂണ്ടും,’ കപില്‍ കൂട്ടിച്ചേര്‍ത്തു.
‘വളരെ വിചിത്രമായിരിക്കുന്നു, ബാറ്റിംഗിലും ബൗളിംഗിലും ധൈര്യം പോരാ എന്ന് തോന്നിപ്പോകുന്നു. മൈതാനത്തിലേക്ക് നടക്കുമ്പോഴും ഞങ്ങള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല, ഞങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ പോലുമായില്ല. ഓരോ തവണയും കളിയിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുമ്പോഴും ഞങ്ങളുടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. എന്തെങ്കിലും ശങ്കയുണ്ടാവുമ്പോഴാണ് ടി-20യില്‍ ഇത് സംഭവിക്കാറുള്ളത്,’ എന്നായിരുന്നു തോല്‍വിക്ക് ശേഷം കോഹ്‌ലി പറഞ്ഞത്.
കപില്‍ ദേവിന് പുറമെ ഹര്‍ഷ ഭോഗ്ലെയും കോഹ്‌ലിയുടെ പ്രസ്താവനയെ വിമര്‍ശിച്ചിരുന്നു. ടീം ഇന്ത്യ ധൈര്യശാലികളായിരുന്നില്ല എന്ന കോഹ്‌ലിയുടെ ഏറ്റുപറച്ചിലും, ഷോട്ട് മേക്കിംഗിലെ അനിശ്ചിതത്വവും ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും, ടി-20 പോലുള്ള ആക്രമണോത്സുക ക്രിക്കറ്റിന് ഒരിക്കലും ചേരാത്തതുമാണെന്നായിരുന്നു ഭോഗ്ലെയുടെ പ്രതികരണം.
Virat Kohli’s admission that India weren’t brave enough, and about the consequent indecision in shot-making, is worth a discussion. T20 is about fearless cricket and is very hard on reputations.
ന്യൂസിലാന്റിനോട് തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ സെമി പ്രവേശനം ത്രിശങ്കുവിലാണ്. അടുത്ത മൂന്ന് മത്സരങ്ങളിലും ഇന്ത്യ മികച്ച മാര്‍ജിനില്‍ വിജയിക്കുകയും, അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്റിനെ തോല്‍പിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കും.
നവംബര്‍ 3ന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. 3 കളികളില്‍ രണ്ട് ജയവുമായി അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. രണ്ട് കളികളിലും തോല്‍വി വഴങ്ങിയ ഇന്ത്യ, സ്‌കോട്‌ലാന്റിന് മുകളില്‍, അഞ്ചാം സ്ഥാനത്താണ്.