കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെ കാണാതായി വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് ജനങ്ങൾക്ക് അറിയാത്തത് രാജ്യത്തിന് നാണക്കേടാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
രാജ്യം നേതാജിയുടെ 127ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ കൊൽക്കത്തയിലെ നേതാജിയുടെ ശില്പത്തിൽ ഹാരമണിയിച്ച് സംസാരിക്കുകയായിരുന്നു മമത.
നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുമെന്ന വാഗ്ദാനം പാലിക്കാത്തതിന് കേന്ദ്ര സർക്കാരിനെതിരെയും അവർ ആഞ്ഞടിച്ചു.
‘ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നേതാജിയുടെ മരണ തീയ്യതി നമുക്ക് അറിയില്ല എന്നത് നിർഭാഗ്യകരമാണ്. അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് നമുക്ക് അറിയില്ല. അത് നാണക്കേടാണ്.
അധികാരത്തിൽ വരുന്നതിന് മുമ്പ് നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ബി.ജെ.പി ഉറപ്പുനൽകിയിരുന്നു. എന്നാൽ അതിന് ശേഷം അവർ അത് മറന്നു. 20 വർഷത്തോളം നേതാജിയുടെ ജന്മദിനം ദേശീയ തലത്തിൽ പൊതു അവധി ദിവസമാക്കുവാൻ ഞാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. എന്നോട് ക്ഷമിക്കൂ,’ മമത പറഞ്ഞു.
പൊതു അവധികൾ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ പരസ്യങ്ങൾക്ക് വേണ്ടിയാണെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയവർക്ക് വേണ്ടി ഒന്നും പ്രഖ്യാപിക്കുന്നില്ല എന്നും അവർ കുറ്റപ്പെടുത്തി.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിവസം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി നൽകിയതിനെ കുറിച്ചായിരുന്നു മമതയുടെ വിമർശനം.
Content Highlight: It’s a shame that even today we do not know what happened to Netaji: Mamata