| Tuesday, 21st December 2021, 7:38 pm

വിരാടിന്റെ കാര്യത്തില്‍ ബി.സി.സി.ഐയുടേത് ശരിയായ തീരുമാനം: മുന്‍ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ബട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിരുന്നു വിരാടിനെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. നിരവധി വിവാദങ്ങള്‍ക്ക് വഴിമരുന്നിടുന്നതായിരുന്നു ബി.സി.സി.ഐയുടെ ഈ തീരുമാനം.

ഇതിന് പിന്നാലെ വിദേശതാരങ്ങളടക്കം നിരവധിയാളുകള്‍ വിരാടിനെ അനുകൂലിച്ചും ബി.സി.സി.ഐയെ വിമര്‍ശിച്ചും രംഗത്ത് വന്നിരുന്നു. എന്നാല്‍, വിരാടിന്റെ കാര്യത്തില്‍ ബി.സി.സി.ഐയുടെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്.

ഒരു യൂട്യൂബ് ചാനലിനിടയിലെ ചര്‍ച്ചയിലാണ് ബട്ട് ഇക്കാര്യം പറയുന്നത്.

‘വളരെ സെന്‍സിറ്റീവായ വിഷയമായിരുന്നു ഇത്. എന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും തന്നെയില്ലാതെ ബി.സി.സി.ഐയ്ക്ക് പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചു. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് ഏറ്റവും പ്രധാനം,’ ബട്ട് പറയുന്നു.

വിരാടിന്റെ വിഷയത്തിന്‍ വളരെ വിവേകപരമായ സമീപനമാണ് ബോര്‍ഡ് സ്വീകരിച്ചതെന്നും, മീഡിയയ്ക്ക് ഊഹാപോഹങ്ങള്‍ക്ക് അവസരമൊരുക്കിയാല്‍ അത് ടീമിനെ ബാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിനുള്ളിലെ വിഷയങ്ങള്‍ ബോര്‍ഡിനുള്ളില്‍ തന്നെ തീര്‍ക്കാന്‍ അവര്‍ക്കായെന്നും ഒരു വിഷയമുണ്ടാവുമ്പോള്‍ അങ്ങനെ വേണം ഇതിനെ നേരിടേണ്ടതെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.

ബി.സി.സി.ഐും കോഹ്‌ലിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇവര്‍തമ്മില്‍ കൃത്യമായ കമ്മ്യണിക്കേഷന്‍ നടക്കാതിരുന്നതാണ് പ്രശ്‌നം രൂക്ഷമാവാന്‍ കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

കോഹ്‌ലിയോട് നായകസ്ഥാനം ഒഴിയരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്ന് ബി.സി.സി.ഐ പറഞ്ഞിരുന്നു എന്നാല്‍ വിരാട് അക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: It’s a sensitive topic and it would have been naïve if there were exchange of words: Salman Butt

We use cookies to give you the best possible experience. Learn more