| Tuesday, 19th November 2019, 1:46 pm

'അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരെ തോല്‍പ്പിക്കേണ്ടത് ഞങ്ങളുടെ അഭിമാനപ്രശ്‌നം, എന്തുവില കൊടുത്തും പരാജയപ്പെടുത്തും'; ബി.ജെ.പി സര്‍ക്കാരിന് തുടരാനാവില്ലെന്ന് ദിനേഷ് ഗുണ്ടു റാവു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരെ സ്ഥാനാര്‍ത്ഥികളാക്കി ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് പൂര്‍ണ പരാജയമാണെന്ന് കര്‍ണാടക പ്രദേശ് കമ്മിറ്റി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു.

ഇനി അഥവാ അവരില്‍ ചിലര്‍ ജയിച്ചാല്‍ പോലും കര്‍ണാടകയില്‍ ഭരണത്തിലിരിക്കാന്‍ ബി.ജെ.പിക്ക് ആവില്ലെന്നും സ്ഥിരതയുള്ള സര്‍ക്കാരിനെ നയിക്കാന്‍ അവര്‍ക്കാവില്ലെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഡെക്കാണ്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവിരുദ്ധമായ മാര്‍ഗത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചവരെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തിയിരിക്കും. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരെല്ലാം കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കന്‍മാരായിരുന്നു. എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്തു. പദവിയും സ്ഥാനവും കൊടുത്തു. എന്നാല്‍ അവര്‍ പാര്‍ട്ടിയെ ചതിച്ചു. അതുകൊണ്ട് തന്നെ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്.- റാവു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് ഒരു അഭിമാന പ്രശ്‌നമായാണോ പാര്‍ട്ടി എടുത്തത് എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു ദിനേഷ് ഗുണ്ടു റാവുവിന്റെ മറുപടി. അവരുടെ നടപടി ഞങ്ങളുടെയൊക്കെ ഹൃദയത്തിന് മുറിപ്പാടുണ്ടാക്കി. അവര്‍ പോയപ്പോള്‍ വളരെ മോശമായി എനിക്ക് തോന്നി. അവരുടെ വിഡ്ഡിത്തപരമായ ഒരു തീരുമാനമായിരുന്നു അത്. ബി.ജെ.പിയില്‍ അവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് പോലും അറിയില്ല.

ഒരു സര്‍ക്കാരിനെ തകര്‍ത്തുകൊണ്ട് സുസ്ഥിരമായ മറ്റൊരു സര്‍ക്കാരിനെ ഒരിക്കലും ഉണ്ടാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ബി.ജെ.പി സര്‍ക്കാരിന് സ്ഥിരതയുണ്ടാവില്ല. അവരുടെ എത്ര എം.എല്‍.എമാര്‍ തിരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്ക് സര്‍ക്കാരിനെ നിലനിര്‍ത്താനാവില്ല. അപ്പോള്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട അതേ മണ്ഡലങ്ങളില്‍ നിന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി അവര്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിടാനുള്ള കാരണം ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ജനവികാരം അവര്‍ക്ക് എതിരാണ്. കോണ്‍ഗ്രസിന്റെ ഒരൊറ്റ വോട്ട് പോലും അവര്‍ക്ക് ലഭിക്കില്ല- ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more