കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന പാ രഞ്ജിത്ത് ചിത്രം നച്ചത്തിരം നഗര്‍ഗിരധു ഓഗസ്റ്റ് 31 ന് തിയേറ്ററുകളില്‍ എത്തുകയാണ്. പലതരം പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. ഇന്നലെ സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത കോപ്പിയുടെ പ്രിവ്യു നടന്നിരുന്നു.
സംവിധായകന്റെ തലക്കകത്ത് വെച്ച് നടക്കുന്ന സിനിമയാണ് നച്ചത്തിരം നഗര്‍ഗിരധു എന്നും പാ രഞ്ജിത്തിന്റെ എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല സിനിമയാണിതെന്നുമാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് സിനിമയെ കുറിച്ച് പറയുന്നത്.
സിനിമയടെ പ്രിവ്യു കണ്ടിറങ്ങിയ ഉടനെയാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സിനിമയെ കുറിച്ചെഴുതിയത്. പാ രഞ്ജിത്തുമായുള്ള ചിത്രവും പോസ്റ്റിന്റെ കൂടെ അദ്ദേഹം പങ്കുവെച്ചു.
‘ഇന്നലെ രാത്രി നച്ചത്തിരം നഗര്‍ഗിരധു സെന്‍സര്‍ ചെയ്യാത്ത വേര്‍ഷന്‍ കണ്ടു. ഈ സിനിമ സംവിധായകന്റെ തലക്കകത്ത് നടക്കുന്ന ഒന്നാണ്. അവന്റെ അസ്വസ്ഥമായ മനസില്‍ ഒരു ക്രമമുണ്ട്. അവന്റെ പല വ്യക്തിത്വങ്ങളും തമ്മില്‍ സംഘര്‍ഷത്തിലാവുന്നത് നമുക്ക് ഈ സിനിമയില്‍ കാണാം. ഇത് പ്രണയത്തെ കുറിച്ചുള്ള ഒരു സിനിമയാണ്. മുന്‍വിധികളെയും വിധ്വേഷത്തെയും പ്രണയമെങ്ങനെയാണ് അതിജീവിക്കുന്നത് എന്നാണ് സിനിമ പറയുന്നത്.
പാ രഞ്ജിത്തിന്റെ ആത്മാവാണ് സിനിമയിലെ റെനേ എന്ന കഥാപാത്രം. ഇത് അദ്ദേഹത്തിന്റെ ഏറ്റവും വ്യക്തിപരമായ സൃഷ്ടിയും അദ്ദേഹത്തിന്റെ എനിക്കേറ്റവും ഇഷ്ട്‌പ്പെട്ട സിനിമയുമാണ്. ഒന്നും മറച്ചുവെക്കാതെ യാഥാര്‍ഥ്യത്തില്‍ ഊന്നിയാണ് ചിത്രം പാ രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ മികച്ച അഭിനയം കാഴ്ചവെച്ച അഭിനേതാക്കള്‍ക്കും, സംഗീതത്തിനും, ഛായാഗ്രാഹകനും എഡിറ്റര്‍ക്കും ക്രൂവിനും നന്ദി,’ അനുരാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിക്ടിം എന്ന ആന്തോളജി സിനിമയിലെ ദമ്മാം എന്ന ഭാഗമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. നച്ചത്തിരം നഗര്‍ഗിരധുവില്‍ കാളിദാസ് ജയറാമിനൊപ്പം ഹരികൃഷ്ണന്‍, കലൈയരസന്‍, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് കിഷോര്‍ കുമാറാണ്. സെല്‍വ. ആര്‍.കെയാണ് ചിത്രസംയോജനം.