ന്യൂദല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും
വിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.
മിനിമം താങ്ങുവില നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള ഒന്നിലധികം പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുണ്ട്.
കര്‍മ്മം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഞങ്ങള്‍ മടങ്ങിവരൂ. നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പാര്‍ലമെന്റ് പാസാക്കണം. അതുവരെ ഇത്തരം പ്രഖ്യാപനങ്ങള്‍ ഒന്നും തങ്ങള്‍ വിശ്വസിക്കില്ല, അദ്ദേഹം പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനുമായി സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇന്ന് ചേരുമെന്നും അതിനനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും രാകേഷ് ടിക്കായത് പറഞ്ഞു.
പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി 800ലധികം കര്‍ഷകര്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. ഏത് തീരുമാനം എടുക്കുമ്പോഴും അവരുടെ ത്യാഗത്തെ മാനിക്കണമെന്നും നിലവില്‍ സിംഘുവില്‍ ആഘോഷമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം.
അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.
താങ്ങുവില അടക്കം തീരുമാനിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പഞ്ചാബ്, ഹരിയാന തുടങ്ങീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിരായ സമരം തുടരുന്നതിനിടെയാണ് പിന്‍വലിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറയായി കര്‍ഷകര്‍ സമരത്തിലാണ്.
2020 നവംബര്‍ 26നായിരുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരമാരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവസാനമായി കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നത്.
സമരം ഒരു വര്‍ഷം തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് ഇപ്പോള്‍ പിന്‍വലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം