| Saturday, 8th May 2021, 2:39 pm

ഇത്തരം നിരീക്ഷകന്മാരെ ചാനലിന്റെ കസേരയില്‍ നിന്ന് ഇറക്കിവിടേണ്ടതാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുകയാണ് ഇത്; ആര്‍. ശ്രീകണ്ഠന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കൊവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി പി.പി.ഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിനെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്വന്റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍.

ഇത്തരം നിരീക്ഷകന്മാരെ ചാനലിന്റെ കസേരയില്‍ നിന്ന് ഇറക്കിവിടേണ്ടതാണെന്ന് തന്നെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മോശം പരാമര്‍ശം നടത്തിയ വ്യക്തിയുടെ പേര് എടുത്ത് പറയാതെയായിരുന്നു ശ്രീകണ്ഠന്‍ നായരുടെ വിമര്‍ശനം.

നിരീക്ഷകാ, സാധാരണ ജനങ്ങളുടെ ജീവന് അപകടം ഉണ്ടാവുമ്പോള്‍ അതില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ആളുകളെ നിങ്ങള്‍ പരസ്യമായി അനുകൂലിക്കുന്നില്ലെങ്കില്‍ പോലും അവരെ തളര്‍ത്താതിരിക്കുകയെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ഇങ്ങനെ ഉള്ള ചില നല്ലമനസുകള്‍ നാട്ടില്‍ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് നിങ്ങളെ പോലുള്ള നിരീക്ഷകന്മാര്‍ക്ക് ടെലിവിഷന്‍ സ്‌ക്രീനില്‍ കയറിയിരുന്ന വാതോരാതെ സംസാരിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആലപ്പുഴയിലെ സംഭവത്തില്‍ മോശം പ്രചരണം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകന്‍ എന്ന പേരില്‍ വിളിച്ചിരുത്തുന്ന ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സോഷ്യല്‍ മീഡിയിയില്‍ ഉയരുന്ന പ്രധാന ആവശ്യം.

‘ബലാത്സംഗം തമാശയായിട്ടും മറ്റുമായിരുന്നു സംഭവത്തെ ശ്രീജിത്ത് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് പൂര്‍ണരൂപം,

ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.

സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.

[1] ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജന്‍ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.
[4] വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂള്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  It reminds me that such observers need to be removed from the channel’s chair; R. Sreekandan Nair

Latest Stories

We use cookies to give you the best possible experience. Learn more