| Monday, 12th June 2023, 12:45 pm

ശരദ് പവാറിനെതിരായ വധഭീഷണി; ഐ.ടി. പ്രൊഫഷണല്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറിന്റെ വധ ഭീഷണിക്കേസില്‍ ഐ.ടി. പ്രൊഫഷണല്‍ അറസ്റ്റില്‍. മുംബൈ ക്രൈം ബ്രാഞ്ചാണ് 34 വയസുകാരനായ സാഗര്‍ ബാര്‍വേയെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഐ.ടി. കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂണ്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ശരദ് പവാറിനെ ഭീഷണിപ്പെടുത്താന്‍ വേണ്ടി രണ്ട് വ്യാജ അക്കൗണ്ടുകളാണ് സാഗര്‍ ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.

‘എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ ഭീഷണിപ്പെടുത്തിയ 34 വയസുകാരനെ പൂനെയില്‍ നിന്ന് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ പേര് സാഗര്‍ ബാര്‍വ് ആണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. നാളെ വരെ പ്രതി പൊലീസ് കസറ്റഡിയിലായിരിക്കും,’ മുംബൈ പൊലീസ് പറഞ്ഞു.

കേസില്‍ രണ്ട് പേര്‍ക്കെതിരെ 153 (A), 504, 506 (2) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശരദ് പവാറിന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ മകളും എന്‍.സി.പി നേതാവുമായ സുപ്രിയ സുലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ഇടപെടണമെന്ന് സുപ്രിയ ആവശ്യപ്പെട്ടിരുന്നു. പവാറിന് സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നാണ് വധഭീഷണിയെ കുറിച്ച് സുലെ പറഞ്ഞത്.

തുടര്‍ന്ന് മഹാരാഷട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. ശരദ് പവാറിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ശരദ് പവാറിന്റെ കുടുംബം വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഷിന്‍ഡേയുടെ നടപടി.

‘ശിവസേനയുടെ പിളര്‍പ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് വന്നത് മുതല്‍ ചിലര്‍ അസ്വസ്ഥരാണ്. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഔറംഗസേബിനെയും ടിപ്പു സുല്‍ത്താനെയും പ്രകീര്‍ത്തിച്ച് ചിലര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനെ വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സംസ്ഥാനത്ത് ക്രമസമാധാനപാലനം ഉറപ്പുവരുത്തും,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം തങ്ങള്‍ക്കും ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ സഹോദരന്‍ സുനില്‍ റാവത്ത് പറഞ്ഞിരുന്നു. വ്യാഴാഴ്ച മൂന്ന് തവണ ഭീഷണി സന്ദേശങ്ങള്‍ വന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

ശരദ് പവാറിന് ഡോ. നരേന്ദ്ര ദാഭോല്‍ക്കറിന്റെ വിധി തന്നെ വരുമെന്നായിരുന്നു ട്വിറ്റര്‍ വഴി ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

CONTENT HIGH;LIGHT: IT PROFESSIONAL ARRESTED BY THREAT CALL AGAINST PAVAR

We use cookies to give you the best possible experience. Learn more