കര്‍ണാടകയുടെ വിധി ഗവര്‍ണറുടെ കയ്യില്‍; ബി.ജെ.പിയെ സ്വീകരിക്കണോ സഖ്യ സര്‍ക്കാരിന് അനുമതി കൊടുക്കണോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാമെന്ന് ഭരണഘടനാ വിദഗ്ധന്‍
Karnata Election
കര്‍ണാടകയുടെ വിധി ഗവര്‍ണറുടെ കയ്യില്‍; ബി.ജെ.പിയെ സ്വീകരിക്കണോ സഖ്യ സര്‍ക്കാരിന് അനുമതി കൊടുക്കണോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാമെന്ന് ഭരണഘടനാ വിദഗ്ധന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th May 2018, 5:35 pm

ബെംഗളൂരു: കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണോ അതോ സഖ്യ സര്‍ക്കാരിന് അനുമതി നല്‍കണോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാമെന്ന് ഭരണഘടനാ വിദഗ്ദനും മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറലുമായിരുന്ന സുഭാഷ് കശ്യപ്. നിലവില്‍ ജെ.ഡി.എസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതേക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നാണ് കശ്യപ് പറഞ്ഞത്.

അതേസമയം, ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയിരിക്കുകയാണ്. ബി.ജെ.പി നേതാക്കളായ ബി.എസ്. യെദ്യൂരപ്പ, അനന്ത് കുമാര്‍, ശോഭ കരന്ദലജെ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും രാജ്ഭവനിലുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ തങ്ങള്‍ക്കാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ആദ്യം ആവശ്യപ്പെടാന്‍ അവകാശമെന്ന് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ചതോടെ കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനാണ് സാധ്യത.
ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം. 14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.

അതേസമയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും കോണ്‍ഗ്രസും ഒന്നിച്ചുമത്സരിക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാരിനുള്ള അവകാശവാദം ഗവര്‍ണര്‍ക്ക് എഴുതിനല്‍കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.