ന്യൂദല്‍ഹി: കഠ്‌വ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ന്യായീകരിക്കുന്നവര്‍ മാപ്പിലാത്ത കുറ്റമാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
അസഹിഷ്ണുതയും വിദ്വേഷവും മതമൗലികവാദവും പ്രോത്സാഹിപ്പിക്കുക വഴി ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുകയാണ് ബി.ജെ.പിയെന്നും ശശി തരൂര്‍ പറഞ്ഞു. മുംബൈയില്‍ ആള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് ഇത്തരമൊരു അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നില്ല. കഠ് വയില്‍ എട്ട് വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളെ ന്യായീകരിക്കുകയും അവരെ നിയമത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും വഴി വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രചോദനം കുറ്റവാളികള്‍ക്ക് നല്‍കുകയാണെന്നും ശശി തരൂര്‍ പറഞ്ഞു.
മതത്തിന്റെ പേരിലാണ് ഇത് നടക്കുന്നത്. എന്നാല്‍ ബി.ജെ.പിയോ അവരുടെ സര്‍ക്കാരും നേരിട്ട് ഇത് ചെയ്തു എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. എന്നാല്‍ അസഹിഷ്ണതയും വിദ്വേഷവും മതഭ്രാന്തും ഇത്തരമൊരു കുറ്റകൃത്യത്തിന് പ്രചോദനമായിട്ടുണ്ടെന്നതില്‍ ഒരു സംശയവും വേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം ബലാത്സംഗം, ബലാത്സംഗം തന്നെയാണെന്നും ഈ സര്‍ക്കാരിന്റേയും മുന്‍ സര്‍ക്കാരിന്റേയും കാലത്തെ പീഡനങ്ങളുടെ എണ്ണം താരതമ്യം ചെയ്യാന്‍ താനില്ലെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍. ബലാത്സംഗത്തെ ഒരിക്കലും രാഷ്ട്രീയവത്ക്കരിക്കരുതെന്നും മോദി പറഞ്ഞിരുന്നു.