സിനിമ എവിടെ നിന്നും കാണണമെന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണെന്ന് നടൻ സൈജു കുറുപ്പ്. മൂവി ഇൻഡസ്ട്രിയിൽ നിന്നുള്ളവരുടെ ആഗ്രഹം എല്ലാവരും സിനിമ തിയേറ്ററിൽ പോയി കാണണമെന്നാണെന്നും സൈജു കുറുപ്പ് പറയുന്നു. ഒ.ടി.ടിയിൽ റിലീസായിട്ടും സിനിമ ആളുകൾ കാണുന്നില്ലെങ്കിൽ ഒ.ടി.ടിയിൽ കണ്ട് ചർച്ച ചെയ്യുന്നത് തന്നെയാണ് നല്ലതെന്നും ഷോക്കേസ് ചെയ്യാൻ വേണ്ടിയിട്ടാണ് സിനിമ ഉണ്ടാക്കുന്നതെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.
കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സൈജു ഇക്കാര്യം വ്യക്തമാക്കിയത്.
‘ഓരോ ആളുകളുടെ സ്വാതന്ത്ര്യമാണ് അവർ എവിടെ സിനിമ കാണണമെന്നുള്ളത്. ഒ.ടി.ടിയിൽ നിന്ന് സിനിമ കാണുന്നവർക്ക് അറിയാം തിയേറ്ററിൽ പോയി കാണണമെന്നാണ് മൂവി ഇൻഡസ്ട്രിയിൽ നിന്നുള്ളവർ ആഗ്രഹിക്കുന്നത്.
എല്ലാ ഇൻ്റർവ്യൂസിലും നമ്മൾ റിക്വസ്റ്റ് ചെയ്യുന്നുണ്ട് തിയേറ്ററിൽ പോയി കാണണമെന്ന്. എന്നാൽ ആ റിക്വസ്റ്റ് എത്ര മാത്രം ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് അറിയില്ല. ഓരോ ആൾക്കാരുടേയും ഇഷ്ടമാണ്, അപ്പോൾ അവിടെ പോയി കാണട്ടെ.
ഒ.ടി.ടിയിൽ സിനിമ റിലീസായിട്ടും ആൾക്കാർ കാണാതെ പോകുന്നതിനേക്കാൾ നല്ലതല്ലേ ഒ.ടി.ടിയിൽ നിന്നാണെങ്കിലും സിനിമ കണ്ട് ചർച്ച ചെയ്യുന്നത്. നമ്മൾ ഇത് ഷോക്കേസ് ചെയ്യാൻ വേണ്ടിയിട്ടാണല്ലോ സിനിമ ചെയ്യുന്നത്. പക്ഷെ എല്ലാവരുടേയും ആഗ്രഹം തിയേറ്ററിൽ പോയി ആൾക്കാർ കാണമെന്നുള്ളതാണ്. അങ്ങനെ ചെയ്യുവാണെങ്കിൽ ഒരുപാട് സന്തോഷം,’ സൈജു കുറുപ്പ് പറഞ്ഞു.
2005ൽ ടി. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് സൈജു മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സിനിമകളിൽ നായകനായും സഹതാരമായും വില്ലനായും വേഷമിട്ടിട്ടുണ്ട് സൈജു കുറുപ്പ്. 100ലധികം മലയാള സിനിമകളിൽ അഭിനയിച്ച സൈജു ഏതാനും തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2013ൽ റിലീസായ മൈ ഫാൻ രാമു എന്ന സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിട്ടുണ്ട് സൈജു കുറുപ്പ്.
Content Highlight: It is their freedom to choose where to watch the movie says Saiju Kurup