| Sunday, 29th September 2024, 7:05 pm

എ.ഡി.ജി.പിക്ക് ആര്‍.എസ്.എസ് ബന്ധം പാടില്ല എന്നുള്ളത് താനടക്കമുള്ള ഇടത് പ്രവര്‍ത്തകരുടെ നിലപാട്: ഏറനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറിനെതിരെ ഇടതുപക്ഷത്ത് നിന്നുള്ള എതിര്‍ ശബ്ദങ്ങള്‍ ശക്തമാവുന്നു. എ.ഡി.ജി.പിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോവുമായിരിന്നില്ല എന്ന് 2021ലെ ഏറനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി. അബ്ദുറഹ്‌മാന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഒരു എ.ഡി.ജി.പിക്ക് ആര്‍.എസ്.എസ് ബന്ധം പാടില്ല എന്നാണ് താന്‍ അടക്കമുള്ള ഇടത് പ്രവര്‍ത്തകരുടെ നിലപാട് എന്ന് പറഞ്ഞ് അബ്ദുറഹ്‌മാന്‍ അജിത്ത് കുമാറിന് അധിക നാള്‍ ആ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. സി.പി.ഐ അവരുടെ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് നിയമസഭാ സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും കുറിപ്പില്‍ പറയുന്നു.

എന്നാല്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പാര്‍ട്ടിക്കുണ്ടായ ഡാമേജ് വലുതാണെന്ന് നിരീക്ഷിച്ച അബ്ദുറഹ്‌മാന്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ എ.ഡി.ജി.പിയെ മാറ്റി നിര്‍ത്താഞ്ഞത് പ്രതിസന്ധിയുടെ ആഘാതം വര്‍ധിപ്പിച്ചിച്ചെന്നും കൂട്ടിച്ചേര്‍ത്തു.

‘അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളും അതേ തുടര്‍ന്നുണ്ടായ വലിയ ചര്‍ച്ചകളും ഇടതുപക്ഷത്തിന് വലിയ ഡാമേജാണ് വരുത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാന്‍ സാധ്യതയില്ല. എ.ഡി.ജി.പി തൃശൂര്‍ പുരം കലക്കിയത് ഉള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസിനെതിരെ അന്‍വര്‍ ഉയര്‍ത്തിയത്. എം.എല്‍.എയുടെ പരാതികളില്‍ അന്വേഷണം പ്രഖ്യാപിച്ചു എന്നത് ശരിതന്നെ. എന്നാല്‍ എന്ത് സാങ്കേതികതയുടെ പേരിലായാല്‍ പോലും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ എ.ഡി.ജി.പിയെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരിന്നു ചെയ്യേണ്ടിയിരുന്നത്. എങ്കില്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമായിരിന്നില്ലെന്നാണ് എന്റെ അഭിപ്രായം’, ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആര്‍.എസ്.എസ് ബന്ധം പാടില്ലെന്നതു തന്നെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ നിലപാട്. അത്തരത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ എല്‍.ഡി.എഫ് ഭരിക്കുന്ന സര്‍ക്കാരില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സി.പി.ഐ നേതൃത്വവും നിലപാട് കടുപ്പിച്ചു കഴിഞ്ഞു.

എ.ഡി.ജി.പിയെ തല്‍സ്ഥാനത്ത് നിലനിര്‍ത്തി  മുന്നോട്ട്‌ പോവാന്‍ സര്‍ക്കാറിന് കഴിയുമെന്ന് കരുതുന്നില്ല. സഭാസമ്മേളനത്തിന് മുമ്പുതന്നെ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് വിശ്വാസം. എന്നാല്‍ അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളും അതേ തുടര്‍ന്നുണ്ടായ വലിയ ചര്‍ച്ചകളും ഇടതുപക്ഷത്തിന് വലിയ ഡാമേജാണ് വരുത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

എ.ഡി.ജി.പി തൃശൂര്‍ പുരം കലക്കിയത് ഉള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസിനെതിരെ അന്‍വര്‍ ഉയര്‍ത്തിയത്. എം.എല്‍.എയുടെ പരാതികളില്‍ അന്വേഷണം പ്രഖ്യാപിച്ചു എന്നത് ശരിതന്നെ. എന്നാല്‍ എന്ത് സാങ്കേതികതയുടെ പേരിലായാല്‍ പോലും ഗുരുതരമായ ആരേപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ എ.ഡി.ജി.പിയെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരിന്നു ചെയ്യേണ്ടിയിരുന്നത്. എങ്കില്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമായിരിന്നില്ലെന്നാണ്   എന്റെ അഭിപ്രായം.

Content Highlight: It is the stand of Left activists including myself that ADGP should not have RSS connection says Eranad LDF candidate

We use cookies to give you the best possible experience. Learn more