സിനിമ നന്നായെങ്കിലും എനിക്ക് വളരെ മോശം അനുഭവമായിരുന്നു; പ്രേക്ഷകരല്ല എന്നെ സ്വീകരിക്കാത്തത് മലയാള ഇന്‍ഡസ്ട്രിയാണ്: മഞ്ജിമ മോഹന്‍
Entertainment news
സിനിമ നന്നായെങ്കിലും എനിക്ക് വളരെ മോശം അനുഭവമായിരുന്നു; പ്രേക്ഷകരല്ല എന്നെ സ്വീകരിക്കാത്തത് മലയാള ഇന്‍ഡസ്ട്രിയാണ്: മഞ്ജിമ മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th February 2022, 3:44 pm

കുഞ്ചോക്കോ ബോബന്‍ നായകനായെത്തിയ പ്രിയം എന്ന ചിത്രത്തിലെ മൂന്ന് കുട്ടികളെ നമ്മളാരും അത്രപെട്ടെന്ന് മറക്കാനിടയില്ല. ഒട്ടുമിക്ക എല്ലാ സിനിമകളിലും ഒരുമിച്ച് അഭിനയിക്കാനും മൂവര്‍ക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഒരുപാട് നാളുകള്‍ക്ക് ശേഷം അക്കൂട്ടത്തിലെ രണ്ടുപേര്‍ സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘അഡാര്‍ ലൗ’വിലൂടെയാണ് അരുണ്‍ അഭിനയരംഗത്തേക്ക് വീണ്ടുമെത്തുന്നതെങ്കില്‍ മഞ്ജിമ മോഹന്‍ വരുന്നത് നിവിന്‍ പോളി നായകനായ ‘ഒരു വടക്കന്‍ സെല്‍ഫി’യിലൂടെയാണ്.

അതിന് ശേഷം മറ്റ് ഭാഷകളില്‍ ഒട്ടനവധി ചിത്രങ്ങള്‍ ചെയ്യാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും കരിയറിനെ കുറിച്ചും സംസാരിക്കികയാണ് മഞ്ജിമ. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

മലയാളത്തില്‍ തമിഴില്‍ ചെയ്യുന്നതുപോലെ സിനിമകള്‍ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ നായികാ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും മഞ്ജിമ പറഞ്ഞു.

‘കേരളത്തിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത എനിക്ക് കിട്ടുന്നത് തമിഴിലും തെലുങ്കിലുമാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ മുന്നില്‍ സ്വീകാര്യത കിട്ടാതെ നായികാ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റില്ല. മലയാളത്തില്‍ നായികാ പ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കാത്തതിന്റെ കാരണം അതാണ്,’ താരം പറയുന്നു.

വടക്കന്‍ സെല്‍ഫി എന്ന സിനിമ വിജയിച്ചെങ്കിലും തനിക്ക് വളരെ മോശം അനുഭവമാണുണ്ടായതെന്ന് മഞ്ജിമ പറയുന്നു.

‘വടക്കന്‍ സെല്‍ഫി എന്ന പടം നന്നായി പോയെങ്കിലും എനിക്ക് വളരെ മോശം അനുഭവമായിരുന്നു ഉണ്ടായത്. ഒരു നടി എന്ന നിലയില്‍ സിനിമയിലൂടെ എനിക്ക് ഒരു അംഗീകാരം കിട്ടിയില്ല,’ മഞ്ജിമ കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ് പോലുള്ള സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞെങ്കില്ലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

മലയാളം പ്രേക്ഷകരല്ല തന്നെ അംഗീകരിക്കാത്തതെന്നും മലയാളം സിനിമ ഇന്‍ഡസ്ട്രിയാണെന്നും മഞ്ജിമ പറയുന്നു.

‘പ്രേക്ഷകര്‍ കാണുമ്പോള്‍ ചോദിക്കുന്നത് എപ്പോഴാണ് നിങ്ങള്‍ മലയാള പടം ചെയ്യുന്നത് എന്നാണ്. മലയാള പ്രേക്ഷകരല്ല എന്നെ അംഗീകരിക്കാത്തത്. മലയാള ഇന്‍ഡസ്ട്രിയാണ്,’ താരം കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ സെല്‍ഫി കഴിഞ്ഞതിന് ശേഷം പോയി പഠിത്തം തുടര്‍ന്നാലോ എന്ന് ചിന്തിച്ചെന്നും മഞ്ജിമ പറഞ്ഞു.

‘വടക്കന്‍ സെല്‍ഫി കഴിഞ്ഞപ്പോള്‍ പോയി പഠിത്തം തുടര്‍ന്നോലോ എന്ന് ചിന്തിച്ചു. കാരണം എന്നെ ആരും വിളിക്കാന്‍ പോവുന്നില്ല. അപ്പോഴാണ് ഗൗതം മേനോന്‍ വിളിക്കുന്നത്. അങ്ങനെ വന്നപ്പോള്‍ എല്ലാവരും ചിന്തിച്ചത് തമിഴില്‍ പോയല്ലോ ഇനി മലയാള പടം ചെയ്യുന്നുണ്ടാവില്ല. അല്ലെങ്കില്‍ കൂടുതല്‍ കാശ് ചോദിക്കും എന്നൊക്കെയാണ്,’ താരം പറയുന്നു.

അച്ഛന്‍ വഴിയാണ് മഞ്ജിമ സിനിമയിലേക്ക് എത്തിയത്. പ്രിയത്തിന് ശേഷം തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, കാബൂളിവാല, സുന്ദരപുരുഷന്‍ തുടങ്ങിയ സിനിമകളിലും മഞ്ജിമ അഭിനയിച്ചു. ശേഷം പഠനത്തിന് വേണ്ടി സിനിമയില്‍ നിന്നും ഇടവേളയെടുത്ത മഞ്ജിമ നായികയായിട്ടാണ് രണ്ടാം വരവ് നടത്തിയത്. ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തില്‍ നായികയായിട്ടായിരുന്നു മഞ്ജിമ വന്നത്. ഡെയ്‌സി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിച്ചത്.


Content Highlights: It is the Malayalam industry that does not accept me, not the audience: Manjima Mohan