ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യ പരാജയം നേരിട്ടിരിക്കുകയാണ്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ വിജയം. ഇന്ത്യയുയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തും രണ്ട് വിക്കറ്റും കയ്യിലിരിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് പിഴച്ചിരുന്നു. ആദ്യ മത്സരത്തിലേതെന്നപോലെ ടോപ് ഓര്‍ഡര്‍ വീണ്ടും ആരാധകരെ നിരാശപ്പെടുത്തി. ശുഭ്മന്‍ ഗില്‍ ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി കളം വിട്ടപ്പോള്‍ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് ഒറ്റ റണ്‍സിന് റണ്‍ ഔട്ടായി.
അഞ്ചാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു ഏഴ് പന്തില്‍ ഏഴ് റണ്‍സിന് പുറത്തായി. അകീല്‍ ഹൊസൈന്‍ എറിഞ്ഞ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
യുവതാരം തിലക് വര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. കരിയറിലെ രണ്ടാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ താരം അര്‍ധ സെഞ്ച്വറിയടിച്ചാണ് നിര്‍ണായക ശക്തിയായത്. തിലകിന് പുറമെ 23 പന്തില്‍ 27 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 18 പന്തില്‍ 24 റണ്‍സടിച്ച ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ്‌കോറിങ്ങില്‍ തങ്ങളുടെ സംഭാവന നല്‍കി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സിലെത്തി.
Innings Break!
After opting to bat first, #TeamIndia post a total of 152/7 on the board.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെ തുടക്കം പാളിയെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
ഈ തോല്‍വിക്ക് പിന്നാലെ മറ്റൊരു മോശം റെക്കോഡും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. 2011ന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ബൈലാറ്ററല്‍സില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുന്നത്.
2011ലെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് ഇന്ത്യ വിന്‍ഡീസിനോട് തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങളാണ് വിന്‍ഡീസ് പിടിച്ചെടുത്തത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് മൂന്നിന് ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യ 145 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുമ്പിലെത്താനും വിന്‍ഡീസിനായി. അതേസമയം, തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ട ഇന്ത്യ പരമ്പര നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ മൂന്നും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കൂ.
ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. പ്രൊവിന്‍ഡന്‍സ് സ്റ്റേഡിയം തന്നെയാണ് വേദി. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
Content Highlight: It is the first time since 2011 that India have lost two consecutive matches against the West Indies in a bilateral match.