| Sunday, 18th February 2024, 7:57 am

'വയനാട് കത്തിക്കണം'; പുല്‍പള്ളിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടായെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് പുല്‍പള്ളിയില്‍ ഇന്നലെ നടന്ന പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയതിന് പിന്നില്‍ ഗുഢാലോചനയുണ്ടായതായി സൂചന. ഇന്നലെ നടന്ന പ്രതിഷേധങ്ങളിലേക്ക് ആളുകളെ എത്തിച്ചത് വാട്‌സ്ആപ്പ് വഴി പ്രത്യേക ശബ്ദ സന്ദേശം കൈമാറിയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണനും, കല്‍പറ്റ എം.എല്‍.എ ടി. സിദ്ദീഖും സംഘര്‍ഷത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നതായി ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇത് സംബന്ധിച്ച് മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ എങ്ങനെയായിരിക്കണം, പ്രതിഷേധങ്ങള്‍ക്ക് എത്തുന്നവര്‍ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം എന്നതെല്ലാം സംബന്ധിച്ച് വാട്‌സ്ആപ്പ് വഴി ശബ്ദ സന്ദേശം പ്രചരിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചില വൈദികരാണ് ഇടവക അംഗങ്ങള്‍ക്കിടയില്‍ ഈ ശബ്ദസന്ദേശം പ്രചരിപ്പിച്ചത്. സഭാനേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനമാണെന്ന് രീതിയിലാണ് ഇടവക അംഗങ്ങള്‍ക്കിടയില്‍ ഈ സന്ദേശം പ്രചരിപ്പിച്ചിട്ടുള്ളത്.

‘വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. ശക്തമായി പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ ഇത് ആവര്‍ത്തിക്കപ്പെടും. ഇതിനാല്‍ ശക്തമായി പ്രതിഷേധം നടത്തണം. പോളിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ഇതിനായി ഇടവക അംഗങ്ങള്‍ എല്ലാ തിരക്കുകളം മാറ്റി വെച്ച് രാവിലെ 9.30ന് പുല്‍പ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേരണം’ എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോളിന്റെ മൃതദേഹം പുല്‍പള്ളിയില്‍ എത്തുന്ന സമയം മുതല്‍ എങ്ങനെ പ്രതികരിക്കണമെന്നതിനെ സംബന്ധിച്ചെല്ലാം തലേദിവസം തന്നെ ആസൂത്രണം നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടുകാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ നടന്ന പുല്‍പള്ളിയിലെ പ്രതിഷേധ പരിപാടിയില്‍ തീവ്രവലതുപക്ഷ സംഘടനകള്‍ നുഴഞ്ഞുകയറിയതായും ഇതാണ് വലിയ സംഘര്‍ഷത്തിന് വഴിവെച്ചത് എന്നും പറയുന്നു.

അതേസമയം വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്. രാവിലെ 7.30ന് ആദ്യം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്. ശേഷം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനം വകുപ്പ് താത്കാലിക ജീവനക്കാരന്‍ പോളിന്റെ വീട്ടിലും സന്ദര്‍ശനം നടത്തും. ശേഷം കല്‍പറ്റയിലെ അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഇന്ന് മന്ത്രി തല സംഘവും വയനാട്ടിലെത്തുന്നുണ്ട്. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ തുടങ്ങിയവരാണ് ഇന്ന് വയനാട്ടിലെത്തുന്നത്.

content highlights: It is reported that there was a conspiracy behind the clashes in Pulpalli

We use cookies to give you the best possible experience. Learn more