താമരശ്ശേരി: വിവാദ സിനിമ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് താമരശ്ശേരി രൂപത പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കാലത്ത് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് സമൂഹത്തില്‍ തെറ്റായ രാഷ്ട്രീയ വ്യാഖ്യാനം നല്‍കുമെന്നാണ് വിലയിരുത്തല്‍. അന്തിമ തീരുമാനം ഏപ്രില്‍ 13ന് രൂപതാ തലത്തില്‍ വൈകുന്നേരം നടക്കുന്ന യോഗത്തില്‍ അറിയിക്കും.
വിശ്വാസോത്സവം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് താമരശേരി രൂപതയും സമാന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇടുക്കി രൂപതയ്ക്ക് താമരശ്ശേരി രൂപത അഭിനന്ദങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് തലശ്ശേരി രൂപതയും ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ദി കേരള സ്റ്റോറി പളളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത അറിയിച്ചു. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് കെ.സി.വൈ.എം പറഞ്ഞു.
കെ.സി.വൈ.എമ്മിന്റേതായി വന്ന നിര്‍ദേശം രൂപത പുറപ്പെടുവിപ്പിച്ചതല്ലെന്ന് കെ.സി.വൈ.എം ചൂണ്ടിക്കാട്ടിയിരുന്നു. ഏപ്രില്‍ ഒമ്പതിന് വൈകീട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു കെ.സി.വൈ.എമ്മിന്റേതെന്ന നിലയില്‍ ചര്‍ച്ചയായ അറിയിപ്പ്.
Content Highlight: It is reported that the Thamarassery Archdiocese may withdraw from showing the Kerala story