| Friday, 13th September 2024, 10:18 am

മയക്കുമരുന്ന് സംഘത്തിന് ഡാൻസാഫ് പൊലീസ് ബോർഡ് നൽകിയെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മയക്കുമരുന്ന് കടത്തുകാരും ഡാൻസാഫ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. മലപ്പുറത്തെ ഡാന്‍സാഫ് സംഘവും മയക്കുമരുന്ന് കടത്തുന്നവരുമായുള്ള ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മീഡിയ വണ്‍ ആണ് ഈ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവിട്ടത്. മയക്കുമരുന്ന് സംഘത്തിന് പൊലീസ് വാഹനത്തിന്റെ ഔദ്യോഗിക നെയിം ബോര്‍ഡ് നല്‍കിയെന്ന വിവരവും സന്ദേശത്തിലുണ്ട്.

ബെംഗളൂരുവില്‍ പോയി തിരിച്ചുവരുമ്പോള്‍ മയക്കുമരുന്ന് കൊണ്ടുവരണമെന്നാണ് സംഘം ആവശ്യപ്പെടുന്നത്. 40- 45 ഗ്രാം കിട്ടിയാല്‍ പോരേ എന്ന് കടത്തുകാര്‍ ചോദിക്കുകയും നൂറ് ഗ്രാമുമായി വരാനുമാണ് ഡാന്‍സാഫ് സംഘം സംഭാഷണത്തില്‍ ആവശ്യപ്പെടുന്നത്.

മയക്കുമരുന്ന് വയനാട്ടില്‍ എത്തിക്കണമെന്ന് ഡാന്‍സാഫിലെ ഉദ്യോഗസ്ഥന്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. ലഹരി മരുന്നുകള്‍ വേഗത്തില്‍ എത്തിക്കണമെന്നും വാഹനത്തിന്മേല്‍ ഉള്ളത് പൊലീസ് ബോര്‍ഡാണെന്നും ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്.

കൊവിഡ് കാലത്ത് നടത്തിയ ഇടപാടുകളുടെ വിവരങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. കൊവിഡ് ബാധിതനായ ഒരു ഉദ്യോഗസ്ഥനോട് ലഹരി കേസിലെ പ്രതി സംസാരിക്കുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രസ്തുത ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഡാന്‍സാഫിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിശോധന നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി നൗഷാദ് അലി ആവശ്യപ്പെട്ടു.

Content Highlight: It is reported that the police gave an official name board to the drug gang

We use cookies to give you the best possible experience. Learn more