| Thursday, 1st February 2024, 7:30 pm

ഗസയിലെ വീടുകള്‍ ചുട്ടെരിച്ച് ഇസ്രഈലി സൈന്യം; നൂറോളം വീടുകള്‍ക്ക് സൈന്യം തീയിട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ വീടുകള്‍ നിയമപരമായ അനുമതിയില്ലാതെ കത്തിക്കാന്‍ ഇസ്രഈലി ഉദ്യോഗസ്ഥന്‍ ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ട്. ഒരു സാധാരണ രീതിയെന്ന പോലെയാണ് സൈനികരോട് വീടുകള്‍ക്ക് തീയിടാന്‍ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടതെന്ന് ഇസ്രഈലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സമാനമായ രീതിയില്‍ ഇസ്രഈലി സൈന്യം ഗസയില്‍ നൂറുകണക്കിന് വീടുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ചില കെട്ടിടങ്ങള്‍ എന്തിന് വേണ്ടിയാണ് കത്തിച്ചതെന്നതില്‍ തനിക്ക് വ്യക്തതയില്ലെന്ന് ഒരു ഇസ്രഈലി ആര്‍മി കമാന്‍ഡിങ് ഓഫീസര്‍ പറഞ്ഞതായി ഹാരെറ്റ്‌സ് പറഞ്ഞു.

ഒരുപക്ഷേ വീടിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം സൈന്യത്തിന് ലഭിച്ചിട്ടുണ്ടാകുമെന്നും സൈനിക നടപടിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ കിട്ടിയതിന്റെ ഭാഗമായിട്ടായിരിക്കണം വീടുകള്‍ക്ക് തീയിട്ടതെന്നും കമാന്‍ഡിങ് ഓഫീസര്‍ പറഞ്ഞു.

ആദ്യ കാലങ്ങളില്‍ വീടുകള്‍ കത്തിക്കാനുള്ള സൈന്യത്തിന്റെ നീക്കം ഒറ്റപ്പെട്ട രീതിയില്‍ ആയിരുന്നുവെന്നും പിന്നീട് അത് നിരന്തരവും സാധാരണവും എന്ന രീതിയിലേക്ക് മാറിയെന്നും നഗരത്തിലെ താമസക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ ഗസയിലെ കെട്ടിടങ്ങള്‍ നശിപ്പിക്കുന്നത് ഔദ്യോഗിക അനുമതിയോടെയാണെന്നും അനധികൃതമായി നശിപ്പിച്ചതിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കുമെന്നും സൈന്യം പ്രതികരിച്ചു.

ഗസയിലുടനീളമുള്ള 144,000 മുതല്‍ 175,000 വരെ കെട്ടിടങ്ങള്‍ക്ക് ഇസ്രഈലിന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ബി.ബി.സി പുറത്തുവിട്ട സാറ്റലൈറ്റ് ഡാറ്റകള്‍ പറയുന്നു. ഇത് ഗസയിലെ കെട്ടിടങ്ങളുടെ 50 മുതല്‍ 61 ശതമാനം വരെയുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ നിലവില്‍ ഗസയിലെ ഫലസ്തീനികളുടെ അടിസ്ഥാന സൗകര്യത്തിന്റെ 70 ശതമാനവും ഇസ്രഈല്‍ തകര്‍ത്തതായി എന്‍.ജി.ഒകള്‍ വിലയിരുത്തുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 26,637 ആയി വര്‍ധിച്ചുവെന്നും 65,387 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: It is reported that the Israeli army set fire to around 100 houses in Gaza

Latest Stories

We use cookies to give you the best possible experience. Learn more