അല്‍ നാസറില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളില്‍ ജീവനോടെ കുഴിച്ചുമൂടിയത് 20ഓളം ഫലസ്തീനികളെ; റിപ്പോര്‍ട്ട്
World News
അല്‍ നാസറില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളില്‍ ജീവനോടെ കുഴിച്ചുമൂടിയത് 20ഓളം ഫലസ്തീനികളെ; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2024, 5:56 pm

ഗസ: ഖാന്‍ യൂനിസിലെ അല്‍ നാസര്‍ ആശുപത്രിയില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളില്‍ 20ഓളം ഫലസ്തീനികളെ ഇസ്രഈലി സൈന്യം ജീവനോടെ കുഴിച്ചുമൂടിയെന്ന് റിപ്പോര്‍ട്ട്. ഗസയിലെ സിവില്‍ ഡിഫന്‍സാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

നാസര്‍ കോംപ്ലക്‌സില്‍ മൂന്ന് മീറ്ററോളം ആഴത്തില്‍ കുഴിമാടങ്ങളുണ്ടാക്കിയ ഇസ്രഈല്‍ സൈന്യം, 20ഓളം ഫലസ്തീനികളെ പ്ലാസ്റ്റിക് ബാഗുകളിലാക്കി സംസ്‌കരിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് പറയുന്നു. നാസര്‍ കോംപ്ലക്‌സില്‍ സൈന്യം ഫീല്‍ഡ് എക്‌സിക്യൂഷനുകള്‍ നടത്തിയെന്നും ഇസ്രഈലിന്റെ നടപടിയില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

സംസ്‌കരിക്കപ്പെട്ട ചില മൃതശരീരങ്ങള്‍ കാണാനിടയായെന്നും ക്രൂരമായ പീഡനത്തിനിരയാക്കിയതിന് ശേഷമാണ് അവരെ സംസ്‌കരിച്ചിരിക്കുന്നതെന്നും ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂട്ടക്കുഴിമാടത്തില്‍ നിന്ന് കണ്ടെത്തിയവയില്‍ കുട്ടികളുടെ മൃതദേഹങ്ങളും
ഉള്‍പ്പെടുന്നുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

‘കണ്ടെത്തിയ പത്ത് മൃതദേഹങ്ങള്‍ കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു. മറ്റുള്ളവയില്‍ മെഡിക്കല്‍ ട്യൂബുകള്‍ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടു. ഇത് ജീവനോടെ സംസ്‌കരിച്ചതിനെ സൂചിപ്പിക്കുന്നു,’ ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് അംഗം മുഹമ്മദ് മുഗിയര്‍ പറഞ്ഞു.

അതേസമയം ഖാന്‍ യൂനിസില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രഈല്‍ തള്ളി. ദിവസങ്ങള്‍ക്ക് മുമ്പാണ് ഗസയിലെ അല്‍ നാസര്‍ ആശുപത്രി പ്രദേശത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. രണ്ട് കൂട്ടക്കുഴിമാടങ്ങളാണ് ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയിരുന്നത്. ഇതില്‍ 150ലധികം മൃതദേഹങ്ങള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഭൂരിഭാഗവും അവയവങ്ങള്‍ ഇല്ലാത്ത സ്ഥിതിയിലായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ അല്‍ ശിഫ ആശുപത്രിയില്‍ നിന്നും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. അല്‍ ശിഫയില്‍ നിന്ന് മാത്രം 400 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ ഇസ്രഈലി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 34,305 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 77,293 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: It is reported that the Israeli army buried about 20 Palestinians alive in the mass graves found in Al Nasser hospital