ഇസ്രഈല്‍ അധിനിവേശം; വെസ്റ്റ് ബാങ്കിലെ വ്യവസായ മേഖല പൂര്‍ണമായും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്
World News
ഇസ്രഈല്‍ അധിനിവേശം; വെസ്റ്റ് ബാങ്കിലെ വ്യവസായ മേഖല പൂര്‍ണമായും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 8:28 pm

ബെത് ലഹേം: വെസ്റ്റ് ബാങ്കില്‍ നിരന്തരമായി ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ നഗരത്തിലെ വ്യവസായ മേഖല പൂര്‍ണമായും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ദിവസേനയുള്ള സൈന്യത്തിന്റെ റെയ്ഡുകള്‍, കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍, ഫലസ്തീനികളുടെ കൊലപാതകങ്ങള്‍ എന്നിവ വ്യവസായത്തെ സാരമായി ബാധിച്ചതായാണ് വിലയിരുത്തല്‍.

ഫലസ്തീനിലെ ഉത്പാദന മേഖലയില്‍ 60 ശതമാനത്തിന്റെ കുറവ് ഉണ്ടായതായി ഫലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ചൂണ്ടിക്കാട്ടി. കൂടാതെ ഗസയിലെ ഇസ്രഈല്‍ ആക്രമണത്തിന്റെ ആദ്യ മാസങ്ങളില്‍ ഫലസ്തീനിലെ മൊത്തത്തിലുള്ള സാമ്പത്തിക നഷ്ടം ഏകദേശം 1.5 ബില്യണ്‍ ആയിരുന്നുവെന്നും ഇത് ഏകദേശം 25 മില്യണ്‍ ഡോളറിന് തുല്യമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇസ്രഈല്‍ ചെക്ക്പോസ്റ്റുകള്‍ ഗസയില്‍ നിന്നുള്ള കയറ്റുമതി തടയുന്നത് ഫലസ്തീന്‍ നഗരങ്ങളും വിദേശ രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര ഗതാഗതത്തിന്റെയും ഷിപ്പിങ്ങിന്റെയും ചെലവ് വര്‍ധിപ്പിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.

പേടിച്ചുകൊണ്ടാണ് വ്യവസായികള്‍ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതെന്നും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും ഫലസ്തീനിലെ വ്യവസായിക യൂണിയനുകള്‍ ചൂണ്ടിക്കാട്ടി.

നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ അതിക്രമങ്ങളും നടപടികളും നഗരത്തിലെ വ്യവസായത്തെ തകര്‍ത്തുവെന്നും സാധാരണ രീതിയില്‍ ബിസിനസ് നടത്താന്‍ കഴിയാത്ത അവസ്ഥ സൃഷ്ട്ടിച്ചുവെന്നും ഫലസ്തീനി പൗരന്മാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രഈല്‍ ആക്രമണം വ്യവസായിക ഉത്പാദനത്തിലും അതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നതായി വെസ്റ്റ് ബാങ്കിലെ മൂന്ന് വലിയ അലുമിനിയം ഫാക്ടറികളിലൊന്നിന്റെ മാനേജര്‍ മുഹനാദ് നൈറൂഖ് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: It is reported that the industrial sector in the West Bank has been completely destroyed