| Tuesday, 12th March 2024, 5:35 pm

മുഹമ്മദ് മുയിസുവിന്റെ ഉത്തരവിന് പിന്നാലെ ഇന്ത്യന്‍ സൈന്യം മാലിദ്വീപ് വിടാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാലേ: പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഉത്തരവിനെ തുടര്‍ന്ന് മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. മെയ് 10 വരെയാണ് ഇന്ത്യന്‍ സൈന്യത്തിന് ദ്വീപില്‍ നിന്ന് പിന്മാറാനായി മുയിസു സമയം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ സൈനികര്‍ രാജ്യത്ത് നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങിയെന്ന് ഏതാനും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിലെ തെക്കന്‍ മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന 25 ഇന്ത്യന്‍ സൈനികര്‍ ഞായറാഴ്ച മാലിദ്വീപ് വിട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി മാലിദ്വീപ് പത്രമായ മിഹാരുവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു

അതേസമയം ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ മാലിദ്വീപും ഇന്ത്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൈനയുമായി മാലിദ്വീപ് സൈനിക കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനികര്‍ രാജ്യം വിടണമെന്ന് മുയിസു പ്രസ്താവന ഇറക്കിയത്. മെയ് 10ന് ശേഷം സാധാരണ വസ്ത്രം ധരിച്ച് പോലും ഒരു ഇന്ത്യന്‍ സൈനികനെ മാലിദ്വീപില്‍ കണ്ടുപോകരുതെന്നാണ് മുയിസു പറഞ്ഞത്.

മാര്‍ച്ച് 10നകം ഇന്ത്യന്‍ സൈനികരുടെ ആദ്യ സംഘത്തെ തിരിച്ചയക്കുമെന്നും അന്നേദിവസം തന്നെ സൈന്യത്തെ പൂര്‍ണമായും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതില്‍ തന്റെ രാജ്യം വിജയിച്ചെന്നും എന്നാല്‍ പലരും സര്‍ക്കാരിന്റെ തീരുമാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും മുയിസു ആരോപണം ഉയര്‍ത്തിയിരുന്നു.

അതേസമയം സൈനികരെ പുറത്താക്കുന്നതിന് പിന്നാലെ ഇന്ത്യയുമായുള്ള ഹൈഡ്രോഗ്രാഫിക് സര്‍വേയുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കുകയില്ലെന്നും മുഹമ്മദ് മുയിസു പറഞ്ഞു. സ്വതന്ത്രമായി സര്‍വേ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഉപകരണങ്ങളും കണ്ടെത്താനാണ് ദ്വീപ് നിലവില്‍ ശ്രമിക്കുന്നതെന്നാണ് പ്രസിഡന്റ് അറിയിച്ചത്.

ദ്വീപിന്റെ സമുദ്രാതിര്‍ത്തിയില്‍ 24/7 നിരീക്ഷണ സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതിയും മുയിസു വെളിപ്പെടുത്തി.

Content Highlight: It is reported that the Indian Army has started withdrawing from the Maldives

We use cookies to give you the best possible experience. Learn more