| Sunday, 4th August 2024, 11:42 am

പോര്‍ച്ചുഗല്‍ കായികരംഗത്ത് തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ റൊണോ; പുതിയ ഗെയിമിലേക്ക്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗലില്‍ പാഡലിന് വേരോട്ടമുണ്ടാക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാഡല്‍ ടെന്നീസ് എന്നുമറിയപ്പെടുന്ന പുതിയ ഗെയിം താരം പോര്‍ച്ചുഗലില്‍ വളര്‍ത്താന്‍ ഒരുങ്ങുന്നതായും ഇതിന്റെ ഭാഗമായി ഇതില്‍ നിക്ഷേപം നടത്തുന്നതായും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെക്‌സിക്കോയില്‍ പിറവിയെടുത്ത ഒരു റാക്കറ്റ് ഗെയിമാണ് പാഡല്‍. പാഡല്‍ എന്നറിയപ്പെടുന്ന രണ്ട് റാക്കറ്റുകളും ടെന്നീസ് ബോളും ഉപയോഗിച്ചാണ് ഇത് കളിക്കുന്നത്. ടെന്നീസിന് സമാനമായ സ്‌കോറിങ് സിസ്റ്റമാണെങ്കിലും ടെക്‌നിക്കും കോര്‍ട്ടിന്റെ വലിപ്പവും മറ്റും ടെന്നീസില്‍ നിന്നും വ്യത്യസ്തവുമാണ്.

പാഡല്‍ സിറ്റി എന്ന പേരിലാണ് പോര്‍ച്ചുഗലില്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഒയിരാസ് സിറ്റി കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും വ്യവസായി ഫിലിപ്പെ ഡി ബോട്ടിന്റെയും ഉടമസ്ഥതയിലുള്ള സ്മൂത്ത് ഒഡീസിയുടെ പങ്കാളിത്തത്തോടെ പോര്‍ച്ചുഗല്‍ പാഡല്‍ ഫെഡറേഷനാണ് പദ്ധതി വികസിപ്പിക്കുന്നത്.

പ്രൊജക്ട് നിലവില്‍ അതിന്റെ ലൈസന്‍സിങ് ഘട്ടത്തിലാണെങ്കിലും പ്രവൃത്തി ഉടന്‍ തന്നെ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോര്‍ച്ചുഗലിലെ വാലെ ഡോ ജാമോറില്‍ 17 പാഡല്‍ കോര്‍ട്ടുകള്‍ പണിയാനാണ് ഉദ്ദേശിക്കുന്നത്.

ഇതിന് പുറമെ രണ്ടായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളുന്ന സെന്റര്‍ കോര്‍ട്ടും നിര്‍മിക്കും. 15,000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന കോംപ്ലെക്‌സില്‍ റസ്റ്റോറന്റ്, ജിം, ഫിസയോതെറാപ്പി റൂം എന്നിവയും നിര്‍മിക്കും.

പോര്‍ച്ചുഗീസ് പാഡല്‍ ഫെഡറേഷന്റെ ആസ്ഥാനവും ഇവിടെ തന്നെ നിര്‍മിക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം, പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളുടെ തിരക്കിലാണ് അല്‍ നസര്‍. ഓഗസ്റ്റ് എട്ടിന് നടക്കുന്ന മത്സരത്തില്‍ അല്‍ നസര്‍ യൂറോപ്പിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ട്.

സെഗുണ്ട ഡിവിഷനിലെ അല്‍മേരിയക്കെതിരെയാണ് അല്‍ നസറിന് മത്സരമുള്ളത്. ഓഗസ്റ്റ് എട്ടിന് എതിരാളികളുടെ തട്ടകമായ പവര്‍ ഹോഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

അല്‍ നസറുമായി സൗഹൃദ മത്സരം കളിക്കുന്ന വിവരം അല്‍മേരിയ അവരുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ക്ക് അവരുടെ സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് കളി കാണാന്‍ സാധിക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റൊണാള്‍ഡോ വീണ്ടും പവര്‍ ഹോഴ്സ് സ്റ്റേഡിയത്തിലെത്തുന്നത്. റയല്‍ മാഡ്രിഡ് താരമായിരിക്കെ 2012 ഡിസംബറിലാണ് റൊണാള്‍ഡോ ഇതിന് മുമ്പ് അല്‍മേരിയയുടെ തട്ടകത്തിലെത്തിയത്.

ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ അന്ന് റയല്‍ 2-1ന് ആതിഥേയരെ തോല്‍പിച്ചിരുന്നു.

അതേസമയം, റൊണാള്‍ഡോക്ക് പുറമെ സാദിയോ മാനേ, അയ്മെരിക് ലാപോര്‍ട്ടെ, മാര്‍സെലോ ബ്രോസോവിച്ച് എന്നിവരും അല്‍മേരിയക്കെതിരെ അല്‍ അലാമിക്കായി കളത്തിലിറങ്ങിയേക്കും.

Content highlight: It is reported that superstar Cristiano is preparing to take root for padel in Portugal.

We use cookies to give you the best possible experience. Learn more