കൊച്ചി: താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കിയ നടപടിയെ എതിര്‍ത്തത് ചുരുക്കം ചില താരങ്ങള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്.
മമ്മൂട്ടി, മനോജ് കെ. ജയന്‍, ലാല്‍, ജഗദീഷ് തുടങ്ങിയ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കേണ്ട എന്ന നിലപാട് കൈക്കൊണ്ടത്.
ഞായറാഴ്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ തങ്ങളുടെ എതിര്‍പ്പ് അറിയിച്ചത്. പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണമെന്നാണ് യോഗത്തില്‍ ജഗദീഷ് ആവശ്യപ്പെട്ടത്.
അതേസമയം, ഷമ്മി തിലകനെ നിലവില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടന്‍ സിദ്ദിഖ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ അദ്ദേഹത്തെ പുറത്താക്കണമെന്നാണ് യോഗത്തിലെ ഭൂരിപക്ഷം അഭിപ്രായമെന്നും അദ്ദേഹത്തോട് വിശദീകരണം ചോദിച്ച ശേഷമായിരിക്കും അന്തിമ തീരമാനമെന്നും അദ്ദേഹം പറഞ്ഞു.
”അമ്മയ്ക്കെതിരെ ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയില്‍ കൂടി അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. സംഘടന മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും ഇത് പറഞ്ഞതാണ്. ഇത്തവണ പൊതുയോഗം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊതുയോഗം എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷമ്മിയെ വിളിച്ച് അദ്ദേഹത്തിന് പറയാനുള്ളത് കേട്ടതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണമെന്ന അഭിപ്രായമാണ് നടത്തിയത്. എന്നാല്‍ അതിന് മുന്‍പ് അദ്ദേഹത്തെ കേള്‍ക്കേണ്ട ബാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു.
ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബുവും ഇന്നത്തെ യോഗത്തിനെത്തിയിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ യോഗം നടന്നത്.
വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനത്തിന് മുമ്പ് എടുത്ത് ചാടി നടപടിയെടുക്കില്ലെന്നും സംഘടനാ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞടുക്കപ്പെട്ട അംഗത്തെ കൃത്യമായ കാരണമില്ലാതെ പുറത്താക്കാനാവില്ല.
വിജയ് ബാബു വെറും കുറ്റാരോപിതന്‍ മാത്രമാണ്. മുന്‍കൂര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളെ എന്തടിസ്ഥാനത്തിലാണ് പുറത്താക്കിയതെന്ന് ചോദിച്ചാല്‍ എന്ത് പറയാനാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ തീരുമാനമറിയാതെ തീരുമാനമെടുക്കാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.
അടുത്ത എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ഷമ്മി തിലകന്റെ കാര്യത്തില്‍ അന്തിമമായ തീരുമാനമുണ്ടാകുമെന്നും ബൈ ലോ അനുസരിച്ചായിരിക്കും അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും സംഘടനാഭാരവാഹികള്‍ അറിയിച്ചു.
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകനെതിരെയുള്ള ആരോപണം. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. അച്ചടക്ക സമിതിക്ക് ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല. നാലുതവണ ഷമ്മിയോട് ഹാജരാകാന്‍ അമ്മ നിര്‍ദേശിച്ചിരുന്നെങ്കിലും വന്നിരുന്നില്ല.
ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെ കുറിച്ച് അച്ചടക്ക സമിതിക്കു മുമ്പാകെ ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല.
Content Highlight: It is reported that only a handful of actors have opposed the move to expel actor Shammi Thilakan from the star-studded AMMA.