| Wednesday, 17th July 2024, 1:43 pm

സിദ്ധാര്‍ത്ഥിന്റെ മരണം; വൈസ് ചാൻസലർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈത്തിരി: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ മുന്‍ വി.സി എം.ആര്‍. ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിഷയത്തില്‍ മുന്‍ വി.സി സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് ജസ്റ്റിസ് ഹരിപ്രസാദ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട്ട് കൈമാറിയത്.

സര്‍വകലാശാല വൈസ് ചാൻസലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, ഡീന്‍, ആംബുലന്‍സ് ഡ്രൈവര്‍, സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 28 പേരില്‍ നിന്ന് മൊഴിയെടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വകലാശാലക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നാണ് കമ്മീഷന്‍ പ്രധാനമായും അന്വേഷിച്ചത്.

ക്യാമ്പസിലെ അച്ചടക്കം നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ക്ക് പിഴവുപറ്റി, ക്യാമ്പസിന്റെ നിയന്ത്രണം ഒരു പ്രത്യേക സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ക്ക്, ഹോസ്റ്റലിന്റെ നിയന്ത്രണവും ഇവരില്‍, പ്രതികളെ വിദ്യാര്‍ത്ഥി സംഘടന സംരക്ഷിച്ചു, ഹോസ്റ്റല്‍ വാര്‍ഡന്‍ ചുമതല നിര്‍വഹിച്ചില്ല തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നാലെ മുന്‍ വി.സി. എം.ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വകലാശാല അധികൃതരുടെ വീഴ്ചകള്‍ പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

2024 ഫെബ്രുവരി 18നായിരുന്നു സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്ന് സിദ്ധാര്‍ത്ഥ് ക്രൂരമായ മര്‍ദനത്തിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു. സര്‍വകലാശാല ക്യാമ്പസിന്റെ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തും വെച്ചാണ് സിദ്ധാര്‍ത്ഥ് മര്‍ദനത്തിനിരയായെതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlight: It is reported that on the death of Siddharth, former VC of Pookode Veterinary University M.R. Sashindranath had a fall

We use cookies to give you the best possible experience. Learn more