ന്യൂദല്‍ഹി: ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. യു.എസ്.സി.ഐ.ആര്‍.എഫ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
ഇന്ത്യയിലെ മതസ്വാതന്ത്ര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും യു.എസ് ഫെഡറല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ പറയുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.
‘ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതിനായി ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന നീക്കം കടുത്ത നിയമലംഘനമാണ്,’ യു.എസ്.സി.ഐ.ആര്‍.എഫ് ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിദ്വേഷ പ്രസംഗങ്ങളും യു.എസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യം’ ആയി പ്രഖ്യാപിക്കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മതനേതാക്കളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്നതിലും തടങ്കലില്‍ വെക്കുന്നതിലും യു.എസ്.സി.ഐ.ആര്‍.എഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പലതവണയായി യു.എസ്.സി.ഐ.ആര്‍.എഫ് അംഗങ്ങള്‍ക്ക് രാജ്യം സന്ദര്‍ശിക്കാനുള്ള വിസ ഇന്ത്യ നിഷേധിച്ച വിവരവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട് ചര്‍ച്ചയായതോടെ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ രംഗത്തെത്തുകയുണ്ടായി. റിപ്പോര്‍ട്ടിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും റിപ്പോര്‍ട്ടിലെ ഉള്ളടക്കം പക്ഷപാതപരമാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
വസ്തുതകളെ തെറ്റായി പ്രചരിപ്പിക്കുന്ന നീക്കമാണ് നിലവില്‍ നടക്കുന്നതെന്നും രണ്‍ധീര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് പൂര്‍ണമായും നിഷേധിക്കുന്നുവെന്നും ഇത്തരം രാഷ്ട്രീയ അജണ്ടകളില്‍ നിന്ന് യു.എസ്.സി.ഐ.ആര്‍.എഫ് പിന്മാറണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇതിനുമുമ്പും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യു.എസ്.സി.ഐ.ആര്‍.എഫിനെ വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. സംഘടനയ്ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നായിരുന്നു അന്നും മന്ത്രാലയം ഉയര്‍ത്തിയ വിമര്‍ശനം.
ഇന്ത്യയിൽ ഭരണകക്ഷിയായ ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിരന്തരം ആക്രമിക്കുകയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ മുസ്‌ലിം വിഭാഗത്തില്‍ പെട്ട നിരവധി യുവാക്കളെയാണ് തീവ്രവലതുപക്ഷ സംഘടനകളും ആളുകള്‍ പരസ്യമായി ആക്രമിച്ചത്.
മുസ്‌ലിങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിശേഷിപ്പിച്ച് ഹിന്ദുത്വ വാദികള്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു. ബുള്‍ഡോസ് രാജിലൂടെ ബി.ജെ.പി ഭരണകൂടങ്ങള്‍ പൊളിച്ചുമാറ്റുന്നത് ഭൂരിഭാഗവും ന്യൂനപക്ഷങ്ങളുടെ വീടുകളാണ്. ഈ സാഹചര്യത്തിലാണ് യു.എസ് സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
Content Highlight: It is reported that false information was spread in India to create riots