ന്യൂദല്‍ഹി: രാജ്യത്ത് പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലാണ് പട്ടികജാതി വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകള്‍ അനുസരിച്ച് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എസ്.സി വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ യു.പി സര്‍ക്കാര്‍ പരാജയപ്പെട്ടു.
റിപ്പോർട്ട് പ്രകാരം 2018ൽ 11,924 കേസുകളാണ് ഉത്തർപ്രദേശിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രജിസ്റ്റർ ചെയ്തത്. എന്നാല്‍ 2022ല്‍ ഇത് 15,368 ആയി വര്‍ധിച്ചു. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ കണക്കുകള്‍ ഇരട്ടിയായാണ് വര്‍ധിച്ചത്.
2018ല്‍ രാജസ്ഥാനില്‍ 4,607 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ ഇത് 8,752 ആയി വര്‍ധിച്ചു. മധ്യപ്രദേശില്‍ എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അഞ്ച് വര്‍ഷത്തിനിടയില്‍ 1,868ല്‍ നിന്ന് 2,979 ആയി വര്‍ധിക്കുകയായിരുന്നു. രാജസ്ഥാനില്‍ ഇത് 1,095ല്‍ നിന്ന് 2,521 ആയി വര്‍ധിക്കുകയും ചെയ്തു.
പട്ടികജാതിക്കാര്‍ക്കെതിരായ മൊത്തം കുറ്റകൃത്യങ്ങള്‍ 2018ല്‍ 42,793 ആയിരുന്നെങ്കില്‍ 2022ല്‍ ഇത് 57,571 ആയി വര്‍ധിച്ചു. അതേസമയം പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇതേ കാലയളവില്‍ 6,528ല്‍ നിന്ന് 10,064 ആയി ഉയരുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
രാജ്യസഭാ എം.പി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് മറുപടിയായി സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അതാവാലെ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാംദാസ് അതാവാലെ പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Content Highlight: It is reported that attacks against Scheduled Castes and Scheduled Tribes are increasing in the country