ന്യൂദല്‍ഹി: മദ്യ നയക്കേസില്‍ അറസ്റ്റിലാക്കപ്പെട്ട ഒരു പ്രതി ബി.ജെ.പിക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഹൈദരബാദിലെ അരബിന്ദോ ഫാര്‍മയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ പി. ശരത് ചന്ദ്ര റെഡ്ഡിയെയാണ് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ ഇലക്ടറല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കിയതിന് പിന്നാലെ ശരത് റെഡ്ഡി കേസില്‍ മാപ്പുസാക്ഷിയായി. പ്രതിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന കമ്പനി, ഈ അഞ്ച് കോടിക്ക് പുറമെ 25 കോടി രൂപ കൂടി ബി.ജെ.പിക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
2022 നവംബര്‍ 10ന് ആണ് മദ്യ നയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്യുന്നത്. നവംബര്‍ 15ന് അഞ്ച് കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനി, അവയെല്ലാം 2022 നവംബര്‍ 21ന് ബി.ജെ.പിക്ക് കൈമാറി.
തുടര്‍ന്ന് 2023 ജൂണില്‍ മദ്യ നയക്കേസില്‍ ശരത് റെഡ്ഡി മാപ്പുസാക്ഷിയായി. പിന്നാലെയാണ് 2023 നവംബറില്‍ അരബിന്ദോ ഫാര്‍മ ബി.ജെ.പിക്ക് 25 കോടി രൂപ കൂടി നല്‍കുന്നത്.
52 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ആണ് കമ്പനി മൊത്തത്തില്‍ വാങ്ങിയിരിക്കുന്നത്. അതില്‍ 34.5 കോടി ബി.ജെ.പിക്ക് ലഭിച്ചു. ശരത് റെഡ്ഡിയെ ഇഡി അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് അരബിന്ദോ ഫാര്‍മ ഭാരത് രാഷ്ട്ര സമിതിക്ക് 15 കോടി രൂപയും തെലുങ്ക് ദേശം പാര്‍ട്ടിക്ക് 2.5 കോടി രൂപയും സംഭാവന നല്‍കിയിരുന്നു.
മദ്യ നയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതിയില്‍ ഇ.ഡി നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ മുതിര്‍ന്ന നേതാവാണ് കെജ്‌രിവാള്‍. ദല്‍ഹി മുഖ്യമന്ത്രിക്ക് പുറമെ ആംആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Content Highlight: It is reported that an accused who was arrested in the liquor policy case had donated Rs 5 crore to the BJP