| Monday, 12th February 2024, 7:31 am

യു.കെയുടെയും യു.എസിന്റെയും സംയുക്ത ആക്രമണം; 17 ഹൂത്തി സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: അമേരിക്കയുടെയും ബ്രിട്ടനിന്റെയും സംയുക്ത സേനയുടെ ആക്രമണത്തില്‍ 17 ഹൂത്തി സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ട ഹൂത്തി സൈനികരുടെ കബറടക്ക് ചടങ്ങിനായി അല്‍ ശാബ് പള്ളിയില്‍ എത്തിച്ചേര്‍ന്നത്.

എന്നാല്‍ തങ്ങളുടെ വിശ്വാസത്തിന്റെയും ആശയത്തിന്റെയും അടിസ്ഥാനത്തില്‍ ഗസയിലെ ഫലസ്തീനികള്‍ക്ക് നല്‍കുന്ന പിന്തുണയില്‍ നിന്ന് പിന്നോട്ട് പോവാന്‍ താത്പര്യപ്പെടുന്നില്ലെന്ന് ഹൂത്തി നേതാവ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

കബറടക്ക് ചടങ്ങിന് മുന്നോടിയായി ഹൂത്തി സൈനികരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് നടത്തിയ വിലാപയാത്രയില്‍ അധികം വൈകാതെ തങ്ങള്‍ തിരിച്ചടിച്ചിരിക്കുമെന്ന് ഹൂത്തി വിമത സംഘം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊള്ളയും കൊളോണിയലിസവുമാണ് ബ്രിട്ടന്റെയും അമേരിക്കയുടെയും പൊതുവായ ആശയം. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഹൂത്തി വിമതര്‍ പറഞ്ഞു. കൂടാതെ യെമനിലെ അതിര്‍ത്തി പ്രദേശങ്ങളിലുമായി ഇനിയും ആക്രമണം തുടര്‍ന്നാല്‍ ചെങ്കടലിലെ ഇന്റര്‍നെറ്റ് കേബിളുകള്‍ തകര്‍ക്കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

ഈ തീരുമാനം ആഗോള തലത്തിലുള്ള ഇന്റര്‍നെറ്റ് ബന്ധം തടസപ്പെടുന്നതിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കികൊണ്ട് ഇസ്രഈലിന്റെ അതിര്‍ത്തിയിലേക്ക് പോവുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ ഹൂത്തി വിമതര്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഒന്നിലധികം കപ്പലുകളൂം ഹൂതികള്‍ പിടിച്ചെടുത്തു.

എന്നാല്‍ ഹൂത്തികളുടെ ആക്രമണം അമേരിക്കയും യൂറോപ്പും പശ്ചിമേഷ്യയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ ഇടിവുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി യു.കെയുടെയും യു.എസിന്റെയും സൈന്യങ്ങള്‍ യെമനില്‍ തുടച്ചയായ വ്യോമാക്രമണം നടത്തി.

വെള്ളിയാഴ്ച ചെങ്കടലില്‍ യു.എസിന്റെ വാണിജ്യ, നാവിക കപ്പലുകള്‍ തകര്‍ക്കുന്നതിനായി തയ്യാറാക്കിയ രണ്ട് സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ ഹൂത്തികളുടെ ഡ്രോണ്‍ ബോട്ടുകളും അഞ്ച് ക്രൂയിസ് മിസൈലുകളും നശിപ്പിച്ചതായി സെന്റര്‍കോം അറിയിച്ചു.

Content Highlight: It is reported that 17 Houthi soldiers were killed in the attack by the joint forces of the United States and Britain

We use cookies to give you the best possible experience. Learn more