ഡമസ്‌കസ്: സിറിയയുടെ പടിഞ്ഞാറന്‍ ഭാഗത്ത് മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ വിശ്വസ്തരും ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലുള്ള സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 പൊലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മെഡിറ്ററേനിയന്‍ തുറമുഖമായ ടാര്‍ടൂസിന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. രാജ്യത്തെ കുപ്രസിദ്ധ ജയിലായ സെയ്ദനയുടെ മുന്‍ ഉദ്യോഗസ്ഥനെ പുതിയ ഭരണകൂടത്തിന്റെ സേന അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവെയാണ് ആക്രമണം ഉണ്ടായത്.
അക്രമി സംഘം ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി യു.കെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എസ്.ഒ.എച്ച്ആര്‍) അറിയിച്ചു.
അതേസമയം മറ്റൊരു ആക്രമണത്തില്‍, അധികാരികള്‍ സിറിയന്‍ നഗരമായ ഹോംസില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അലാവൈറ്റ് ദേവാലയത്തിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മറ്റൊരു സിറിയന്‍ നഗരമായ ഹമായിലും പ്രതിഷേധം ശക്തമാണ്. സെന്‍ട്രല്‍ സിറിയയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ നഗരമായ സുഖൈലബിയയിലെ പ്രധാന സ്‌ക്വയറിലെ ക്രിസ്മസ് ട്രീ രണ്ടാളുകള്‍ ചേര്‍ന്ന് അഗ്നിക്കിരയാക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതോടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പുതിയ അധികാരികള്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ഉള്ളവരെ പിടികൂടിയതായി ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം ഭരണകൂടം അറിയിച്ചിരുന്നു. സിറിയയിലെ വിദേശികളാണ് സംഭവത്തിന് പിന്നിലെന്ന് എച്ച്.ടി.എസ് വെളിപ്പെടുത്തിയതോടെ വിദേശികള്‍ക്കെതിരേയും പ്രതിഷേധക്കാര്‍ വിമര്‍ശനമുന്നയിക്കുകയുണ്ടായി.
അസദിന്റെ പതനശേഷം മുഹമ്മദ് അബു ജുലാനിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന പുതിയ ഭരണകൂടം അധികാരം ഏറ്റെടുക്കും മുമ്പ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
Content Highlight: It is reported that 14 policemen were killed in a clash between Assad’s supporters and a rebel group in Syria